ഡെറാഡൂൺ: യമുനോത്രിയിലെ ക്ഷേത്രത്തിലേക്ക് റോപ് വേ നിർമ്മിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. പത്ത് വർഷത്തിലേറെയായി ഉയരുന്ന ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.
യമുനോത്രിയിലെ ക്ഷേത്രത്തെ ഖർസാലി ഗ്രാമവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. ഇതിനായി 3.8 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുക്കും. 3.7 കിലോമീറ്റർ നീളമായിരിക്കും റോപ് വേയ്ക്കുള്ളത്. ഇത് നിലവിൽ വരുന്നതോടെ യാത്രാസമയം അഞ്ച് മണിക്കൂറിൽ നിന്ന് പത്ത് മിനിറ്റായി കുറയും. നിലവിൽ നടന്നു മാത്രമേ ക്ഷേത്രത്തിലേക്ക് എത്താൻ സാധിക്കുകയുള്ളു
റോപ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ തന്നെ ആരംഭിക്കും. രണ്ട് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകും. തീർത്ഥാടകർക്ക് മലമുകളിലേക്കുള്ള അഞ്ച് കിലോമീറ്റർ നീളുന്ന ട്രക്കിംഗ് ഒഴിവാക്കാൻ ഇത് ഏറെ സഹായിക്കും. പദ്ധതി നിലവിൽ വരുന്നത് പ്രായമായവർക്ക് ഏറെ സഹായകരമാകുമെന്ന് നാട്ടുകാരും പറയുന്നു.
കഴിഞ്ഞ വർഷം യമുനോത്രി തീർത്ഥാടനത്തിനിടെ 81 പേരാണ് മരിച്ചത്. ഏറെ നാളായുള്ള ആവശ്യം സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ക്ഷേത്രത്തിലെ പുരോഹിതരും പറയുന്നു. 2006ലാണ് റോപ് വേ നിർമ്മിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.








