ഡൽഹിയിലെ ഷാലിമാർ ബാഗ് പ്രദേശത്ത് മാക്സ് ഹോസ്പിറ്റൽ റോഡിലെ റോഡ് വികസന പദ്ധതിയുടെ ഭാഗമായി അർദ്ധരാത്രിയിൽ അധികൃതർ നടത്തിയ ബുൾഡോസർ നടപടിക്ക് പിന്നാലെ പ്രദേശത്ത് സംഘർഷം. മദീന മസ്ജിദ് ഉൾപ്പെടെയുള്ള നിർമ്മാണങ്ങളുടെ അനധികൃത ഭാഗങ്ങളാണ് വലിയ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചുനീക്കിയത്. പ്രദേശത്ത് തടിച്ചുകൂടിയ വിശ്വാസികളും പള്ളി മാനേജ്‌മെന്റും അധികൃതരുടെ പെട്ടെന്നുള്ള ഈ നടപടിയെ ചോദ്യം ചെയ്യുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തു.
വിഷയത്തിൽ നിയമപരമായ നടപടികൾ പുരോഗമിക്കുന്നതിനിടെ ആവശ്യത്തിന് സാവകാശം നൽകാതെയാണ് അധികൃതർ അർദ്ധരാത്രിയിൽ എത്തിയതെന്ന് മസ്ജിദ് ഭാരവാഹികൾ ആരോപിച്ചു. മസ്ജിദിലെ രേഖകളും വിശുദ്ധ ഗ്രന്ഥങ്ങളും പുറത്തെടുക്കാൻ പോലും ഇരച്ചെത്തിയ പോലീസും ഉദ്യോഗസ്ഥരും അനുവദിച്ചില്ലെന്ന് പള്ളി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എ.ഐ.എം.ഐ.എം ഡൽഹി ഘടകം പ്രസിഡന്റ് ഷോയിബ് ജമായ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ നടപടിയെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചു.
എന്നാൽ, റോഡ് വീതികൂട്ടുന്നതിനായി മുൻപ് തന്ന നോട്ടീസുകളുടെ കാലാവധി പൂർത്തിയായ ശേഷമാണ് ഈ ഒഴിപ്പിക്കൽ നടത്തിയതെന്നാണ് ഭരണകൂടത്തിന്റെ വിശദ്ദീകരണം. അപ്പലേറ്റ് ട്രിബ്യൂണലിന്റെ അനുമതിയോടെയാണ് അനധികൃതമായി നിർമ്മിച്ച മുകളിലത്തെ നിലകൾ പൊളിച്ചുനീക്കിയതെന്നും ഗതാഗത തടസ്സം ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്നും അധികൃതർ അറിയിച്ചു. വൻ സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഇപ്പോഴും തുടരുകയാണ്.








