തിരുവനന്തപുരം : തനിക്കെതിരെ അച്ചടക്കലംഘനത്തിന് നോട്ടീസയച്ചത് എന്തടിസ്ഥാനത്തിലെന്ന് ഡി.ജി.പി ജേക്കബ് തോമസ്. തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അത് വിശദീകരണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ നോട്ടീസിന് ചീഫ് സെക്രട്ടറിയ്ക്ക നല്കിയ മറുപടി കത്തിലാണ് ജോക്കബ് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണം. അച്ചടക്ക നടപടി സ്വീകരിക്കാന്‍ തക്ക കുറ്റം വല്ലതും ചെയ്തിട്ടുണ്ടോ. അതിനുള്ള വ്യക്തവും വസ്തുനിഷ്ഠവുമായ തെളിവുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടോ? ഉണ്ടെങ്കില്‍ അത് പുറത്തു വിടണമെന്നും ജേക്കബ് തോമസ് മറുപടിയില്‍ വ്യക്തമാക്കി.
എന്നാല്‍ തെളിവുകള്‍ നല്‍കേണ്ടത് ഈ ഘട്ടത്തിലല്ലെന്നും അന്വേഷണ സമിതി രൂപീകരിയ്ക്കുമ്പോള്‍ മാത്രം തെളിവുകള്‍ നോക്കിയാല്‍ മതിയെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രതികരിച്ചു.
ഫയര്‍ഫോഴ്സില്‍നിന്ന് മാറ്റിയതിനു പിന്നില്‍ ഫ്ളാറ്റ് മാഫിയയാണെന്ന് സംശയിക്കുന്നതായി നടത്തിയ പരോക്ഷ പരാമര്‍ശത്തെ തുടര്‍ന്ന് ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിനിടെ ബാര്‍ കോഴക്കേസ് വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്കിയ നോട്ടീസില്‍ പറയുന്നത്. ബാര്‍ കോഴക്കേസിലെ വിധിയെ നല്ല വിധിയെന്നാണ് ജേക്കബ് തോമസ് വിശേഷിപ്പിച്ചത്. ജനങ്ങള്‍ അഴിമതി ആഗ്രഹിക്കുന്നില്ല. അപ്പോള്‍ ഉദ്യോഗസ്ഥരും ഇതിനൊത്തുനില്ക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനേറ്റ തിരിച്ചടിയായി വിലയിരുത്തപ്പെടുന്ന കോടതിപരാമര്‍ശത്തെ ന്യായീകരിച്ചത് സര്‍ക്കാറിന് ക്ഷീണമായി.
ഇതിനിടെ ശനിയാഴ്ച പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഐ.പി.എസ് അസോസിയേഷന് യോഗവും ജേക്കബ് തോമസിനെതിരെ നിലപാടെടുത്തു. വിവാദങ്ങള്‍ കത്തുമ്പോഴും നിലപാടില്‍ ഉറച്ചുനിന്ന ഇദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ സെല്ലോടേപ്പുമായി പ്രത്യക്ഷപ്പെട്ട് വായമൂടി നില്‍ക്കാനാണ് ഇതു കരുതിയതെന്നും ചിലസത്യങ്ങള് പറയാതിരിക്കാനാകുന്നില്ലെന്ന് പ്രതികരിക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയും വിശദീകരണം ചോദിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
Discussion about this post