ന്യൂഡൽഹി: കഴിഞ്ഞ ദിവസം മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ സർവ്വെയ്ക്കിടെ മാദ്ധ്യമപ്രവർത്തകരെ പണിയെടുക്കാൻ അനുവദിച്ചില്ലെന്ന പരാതിയുമായി ബിബിസി. ഉദ്യോഗസ്ഥരിൽ ചിലർ മോശമായി പെരുമാറിയെന്നും ബിബിസി ആരോപിക്കുന്നു. ബിബിസി ഹിന്ദി വെബ്സൈറ്റിലൂടെ പുറത്തുവിട്ട ലേഖനത്തിലാണ് ആരോപണങ്ങൾ.
സർവ്വെയുമായി ബിബിസി ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്നും നടപടികൾ വൈകിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും സർവ്വെയ്ക്ക് ശേഷം ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ചാനലിന്റെ പ്രവർത്തനത്തിന് തടസമുണ്ടാക്കാത്ത വിധത്തിലാണ് സർവ്വെ നടത്തിയതെന്നും പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചിരുന്നു. ഇക്കാര്യം പരാമർശിച്ചാണ് ബിബിസിയുടെ ആരോപണം.
മാദ്ധ്യമപ്രവർത്തകരുടെ കംപ്യൂട്ടറുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. അവരിൽ നിന്നും ജോലിയുടെ രീതിയെക്കുറിച്ചുളള വിശദാംശങ്ങൾ തിരക്കി. അവരുടെ ഫോൺ കോളുകളിൽ കൈകടത്തൽ നടത്തി. ഡൽഹി ഓഫീസിലെ മാദ്ധ്യമപ്രവർത്തകരെ സർവ്വെയെക്കുറിച്ച് എന്തെങ്കിലും എഴുതുന്നതിൽ നിന്ന് പോലും വിലക്കിയതായും ബിബിസി ആരോപിക്കുന്നു.
മാദ്ധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുതിർന്ന എഡിറ്റർമാർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഹിന്ദി, ഇംഗ്ലീഷ് വിഭാഗങ്ങളിലെ മാദ്ധ്യമപ്രവർത്തകരെ അതിന് ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്ന് ബിബിസി ആരോപിച്ചു. സംപ്രേഷണ സമയം അവസാനിച്ചതിന് ശേഷം മാത്രമാണ് ഈ മാദ്ധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചതെന്നും ലേഖനത്തിൽ പറയുന്നു.
ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനകളിൽ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. കണക്കിലെ വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനതോതുമായി ഒത്തുപോകുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. 58 മണിക്കൂർ നീണ്ട പരിശോധന വ്യാഴാഴ്ചയാണ് പൂർത്തിയായത്.
Discussion about this post