
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയായിരുന്ന വധശ്രമക്കേസില്‍ ഉള്‍പ്പെട്ട വൈദികന്റെ മരണത്തിലും ദുരൂഹത. ശാശ്വതികാനന്ദയുടെ മരണത്തിന് രണ്ട് വര്‍ഷത്തിന് ശേഷം വര്‍ക്കല സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ കൂട്ടുപ്രതിയായിരുന്ന ഫാദര്‍ കെ.വി വര്‍ക്കി കറുകയിലും ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. കേസിലെ ഏഴാം പ്രതിയായിരുന്നു ഫാദര്‍ കെ.വി.വര്‍ക്കി. ശാശ്വതികാനന്ദ സ്വാമി പെരിയാറ്റില്‍ മുങ്ങിമരിച്ചപ്പോള്‍ ഫാദര്‍ കെ.വി.വര്‍ക്കി രണ്ടുവര്‍ഷത്തിനുശേഷം ജൂലൈയില്‍ പമ്പയാറ്റില്‍ മുങ്ങിമരിക്കുകയായിരുന്നു.
വര്‍ക്കല സ്വദേശി വി. രാധാകൃഷ്ണനെ 1992 ഡിസംബറിലാണ് ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ശിവഗിരിയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ നേതൃത്വത്തില്‍ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ചു പ്രതിയോഗി എന്ന പേരില്‍ ഒരു പുസ്തകം എഴുതിയതാണു തട്ടിക്കൊണ്ടുപോകലിനും വധശ്രമത്തിനും കാരണമെന്നാണ് രാധാകൃഷ്ണന്റെ പരാതി. ഈ കേസില്‍ സ്വാമി ശാശ്വതീകാനന്ദയായിരുന്നു ഒന്നാം പ്രതി.
കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് രണ്ട് പ്രതികളും ഒരേ രീതിയില്‍ മരിക്കുന്നത്. കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2007 മേയ് 30നു കണ്ടെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും പ്രതികളായ സ്വാമി ശാശ്വതീകാനന്ദനയും ഫാദര്‍ വര്‍ക്കി കറുകയിലും മുങ്ങിമരിച്ചിരുന്നു.
കളമശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് എട്ടു പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരുന്നത്. സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് കേസ് തീര്‍പ്പായിട്ടില്ല മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
Discussion about this post