ഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ പൂർവ വിദ്യാർത്ഥി ജീവനോടെ തീ കൊളുത്തിയ കോളേജ് പ്രിൻസിപ്പൽ മരിച്ചു. ഇൻഡോറിലെ ബി എം ഫാർമസി കോളേജ് പ്രിൻസിപ്പൽ വിമുക്ത ശർമയാണ് (54) മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
സർട്ടിഫിക്കറ്റ് നൽകാൻ വൈകി എന്നാരോപിച്ചായിരുന്നു. കോളേജിലെ പൂർവ വിദ്യാർത്ഥിയായ അശുതോഷ് ശ്രീവാസ്തവ വിമുക്ത ശർമയെ കൊലപ്പെടുത്തിയത്. എന്നാൽ, ഇയാൾ ഏഴാം സെമസ്റ്ററിൽ തോറ്റത് കൊണ്ടാണ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസമുണ്ടായത് എന്ന് പോലീസ് പറഞ്ഞു. അശുതോഷിനെതിരെ കൊലപാതക കുറ്റത്തിന് പുറമേ ദേശീയ സുരക്ഷാ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയായിരുന്നു അശുതോഷ് വിമുക്ത ശർമയെ ആക്രമിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ വിമുക്ത ശർമ്മ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ആക്രമണം നടത്തുന്നതിനിടെ അശുതോഷിനും 20 ശതമാനം പൊള്ളലേറ്റിരുന്നു. കോളേജ് അധികൃതർ മാർക്ക് ലിസ്റ്റ് നൽകാൻ വിസമ്മതിക്കുന്നുവെന്നും അശുതോഷ് ശ്രീവാസ്തവ ആരോപിച്ചിരുന്നു. എന്നാൽ ഇതും കോളേജ് അധികൃതർ നിഷേധിച്ചു. മാർക്ക് ലിസ്റ്റ് കൈപ്പറ്റാൻ നിരവധി തവണ അറിയിപ്പ് നൽകിയിട്ടും അശുതോഷ് പ്രതികരിച്ചിരുന്നില്ലെന്ന് അവർ പോലീസിനോട് പറഞ്ഞു.








