കോട്ട; രാജസ്ഥാനിലെ കോട്ടയിലെ ദാദാബാദി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വഖഫ് നഗറിലെ മദ്രസയിൽ വൈദ്യുതി മീറ്റർ പൊട്ടിത്തെറിച്ച് നാല് കുട്ടികൾക്ക് പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. നാല് പേരേയും തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
അലി, സരായൻ, അർമാൻ, ഗാസി എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. എല്ലാവരും 10 വയസ്സ് പ്രായമുള്ളവരാണ്. മദ്രസയിൽ നിസ്‌കാര സമയത്ത് കുട്ടികൾ നാല് പേരും ബാൽക്കണിയിൽ നിന്ന് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് പൊട്ടിത്തെറി ഉണ്ടാവുകയും, നാല് പേർക്കും വൈദ്യുതാഘാതമേൽക്കുകയും ചെയ്യുന്നത്.
സംഭവസമയം മദ്രസയിൽ 25ഓളം കുട്ടികൾ ഉണ്ടായിരുന്നു. നിസ്‌കാരത്തിന് ശേഷം ചായ കുടിക്കാൻ ഇവർ മുകളിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അമർ സിംഗ് പറഞ്ഞു. മൂന്നാം നിലയിൽ വച്ചാണ് അപകടുണ്ടാകുന്നത്.









