വയനാട് മുട്ടിലിലെ വസതിയിൽ നിന്ന് അനുവദനീയമായ അളവിൽ കൂടുതൽ വ്യാജമദ്യവും വിദേശമദ്യവും കണ്ടെടുത്ത അബ്‌കാരി കേസിൽ റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. മാനന്തവാടി ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിൻ, കോടതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാകുന്ന മുറയ്ക്ക് ജയിൽ മോചിതനാകും.
അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട കോടികളുടെ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിന്റെ ഭാഗമായി എക്സൈസും പോലീസും നടത്തിയ സംയുക്ത റെയ്ഡിലാണ് മുട്ടിലിലെ വീട്ടുപറമ്പിൽ നിന്നും കെട്ടിടത്തിൽ നിന്നും വിദേശമദ്യവും വൈനും അടക്കം 67 ലീറ്ററോളം മദ്യം പിടിച്ചെടുത്തത്. തുടർന്നാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
എന്നാൽ, മദ്യം കണ്ടെടുത്ത വസതി വായ്പ കുടിശ്ശിക കാരണം ‘സർഫാസി’ (SARFAESI) നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് ഇ-ലേലത്തിലൂടെ മറ്റൊരാൾക്ക് വിറ്റതാണെന്നും നിലവിൽ ഈ കെട്ടിടവുമായി തനിക്ക് യാതൊരു ഉടമസ്ഥാവകാശ ബന്ധവുമില്ലെന്നുമാണ് ആന്റോ അഗസ്റ്റിൻ കോടതിയിൽ വാദിച്ചത്. നാല് വർഷത്തിലേറെയായി ഈ കെട്ടിടത്തിന്റെ നിയന്ത്രണം തനിക്കല്ലെന്നും സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അതേസമയം, ബാങ്ക് ലേലത്തിൽ പോയെങ്കിലും രേഖകൾ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആന്റോയുടെ പേരിൽ തന്നെയാണെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ തടസ്സവാദം ഉന്നയിച്ചു. 2026 മാർച്ച് വരെയുള്ള വൈദ്യുതി, ജല ബില്ലുകളും പഞ്ചായത്ത് നികുതികളും ആന്റോയുടെ പേരിലാണ് അടച്ചിട്ടുള്ളതെന്നും അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ട കോടതി, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെയും കൈവശാവകാശത്തെയും ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ചു. എന്നാൽ കേസിൽ തെളിവെടുപ്പും കസ്റ്റഡിയിലെ ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിലും പ്രതിക്ക് മുൻകാല കുറ്റകൃത്യ പശ്ചാത്തലമില്ലാത്തതിനാലും ഇനി തടങ്കലിൽ തുടരേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ഉത്തരവ്.












