ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വീണ്ടും വിഷപ്രയോഗം നടന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ അഞ്ച് പ്രവിശ്യകളിൽ നിന്നുള്ള മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പടിഞ്ഞാറൻ ഹമീദാൻ, സൻജാൻ, പടിഞ്ഞാറൻ അസർബൈജാൻ, ആൽബോർസ് പ്രവിശ്യകളിലാണ് വിഷപ്രയോഗം നടന്നതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ആരോപിച്ചു.
വിദ്യാർത്ഥിനികളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ വിഷപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഉള്ളതായി ഇറാൻ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇറാനിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ വ്യാപകമായി വിഷപ്രയോഗം നടത്തിയെന്ന് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.
വിഷബാധയുണ്ടായെന്ന് സംശയിക്കുന്ന സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ തെരുവിലിറങ്ങി. സംശയാസ്പദമായ ആക്രമണങ്ങളെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്ന് ജനീവയിലെ യുഎൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ജർമ്മനിയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
Discussion about this post