മുംബൈ: വനിതാ പ്രീമിയർ ലീഗിലെ ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ യുപി വാറിയേഴ്സിന് വിജയം. 3 വിക്കറ്റിനാണ് യുപിയുടെ വിജയം. ഗുജറാത്ത് ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം യുപി 19.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ ടൂർണമെന്റിൽ ഗുജറാത്ത് തുടർച്ചയായ രണ്ടാം തോൽവി വഴങ്ങി. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ഗുജറാത്തിനെ പരാജയപ്പെടുത്തിയിരുന്നു.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ആദ്യ മത്സരത്തിൽ പേശീവലിവ് മൂലം കളം വിട്ട ക്യാപ്ടൻ ബെഥ് മൂണി ഇന്നും കളിക്കാൻ ഇറങ്ങിയില്ല. പകരം സ്നേഹ് റാണയാണ് ഇന്ന് ഗുജറാത്തിനെ നയിച്ചത്.
32 പന്തിൽ 46 റൺസെടുത്ത ഹർലീൻ ഡിയോൾ ആണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ആഷ്ലി ഗാർഡ്നർ 25 റൺസും ഓപ്പണർ മേഘന 24 റൺസും നേടി. ദയാളൻ ഹേമലത 13 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.
യുപി വാറിയേഴ്സിന് വേണ്ടി സോഫി എക്ലെസ്റ്റൺ, ദീപ്തി ശർമ്മ എന്നിവർ 2 വിക്കറ്റുകൾ വീതം നേടി. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ ദിവസം മുംബൈയോട് ദയനീയമായി പരാജയപ്പെട്ട ശേഷം, ഭേദപ്പെട്ട പ്രകടനമായിരുന്നു ഇന്ന് ഗുജറാത്ത് ബാറ്റർമാർ കാഴ്ചവെച്ചത്.
മറുപടി ബാറ്റിംഗിൽ യുപിയുടെ തുടക്കം മോശമായിരുന്നു. 20 റൺസ് എടുക്കുന്നതിനിടെ അവർക്ക് 3 വിക്കറ്റുകൾ നഷ്ടമായി. എന്നാൽ 43 പന്തിൽ 53 റൺസ് നേടിയ കിരൺ നവ്ഗിരെയുടെ പ്രകടനം യുപിയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു വന്നു.
പിന്നീട് കൂറ്റൻ അടികളിലൂടെ അവസാന നിമിഷം കത്തിക്കയറിയ ഗ്രേസ് ഹാരിസും സോഫി എക്ക്ലെസ്റ്റണും ചേർന്നാണ് യുപിക്ക് വിജയം ഒരുക്കിയത്. പിരിയാത്ത എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 75 റൺസാണ് 26 പന്തിൽ കൂട്ടിച്ചേർത്തത്. ഗ്രേസ് 26 പന്തിൽ 59 റൺസുമായും സോഫി 12 പന്തിൽ 22 റൺസുമായും പുറത്താകാതെ നിന്നു.
ഗുജറാത്തിന് വേണ്ടി കിം ഗാർത് 5 വിക്കറ്റ് വീഴ്ത്തി.
Discussion about this post