വാഷിംഗ്ടൺ: അമേരിക്കൻ വ്യോമസേനയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ. അമേരിക്കൻ എയർഫോഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യൻ വംശജനായ രവി ചൗധരിയെ നിയമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗം തീരുമാനിച്ചു. എയർഫോഴ്സിന്റെ ഊർജ്ജകാര്യം, ഇൻസ്റ്റലേഷൻ, പരിസ്ഥിതി എന്നീ വിഭാഗങ്ങളുടെ ചുമതലയിലേക്കാണ് രവി ചൗധരിയെ നിയമിച്ചിരിക്കുന്നത്.
29നെതിരെ 65 സെനറ്റർമാരുടെ പിന്തുണയോടെയാണ് പെന്റഗണിലെ സുപ്രധാന പദവിയിലേക്ക് രവി ചൗധരി എത്തുന്നത്. അമേരിക്കൻ എയർ ഫോഴ്സ് അസിസ്റ്റന്റ് സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് രവി ചൗധരി.
അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ മാതാപിതാക്കളുടെ മകനായി മിന്നസോട്ടയിൽ ജനിച്ച ഡോക്ടർ രവി ചൗധരി, അമേരിക്കൻ വ്യോമസേനയിൽ ദശാബ്ദങ്ങളുടെ സേവന പരിചയമുള്ള വ്യക്തിയാണ്. അമേരിക്കൻ എയർ ഫോഴ്സ് അസിസ്റ്റന്റ് സെക്രട്ടറി പദവിയിലെത്താൻ എന്തുകൊണ്ടും യോഗ്യനാണ് ഡോക്ടർ ചൗധരിയെന്ന്, അദ്ദേഹത്തെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ അമേരിക്കൻ സെനറ്റ് വിശദീകരിക്കുന്നു.
1993 മുതൽ 2015 വരെ അമേരിക്കൻ എയർഫോഴ്സിൽ വൈമാനികനായിരുന്നു രവി ചൗധരി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഉൾപ്പെടെ നിരവധി പോർമുഖങ്ങളിൽ അദ്ദേഹം അമേരിക്കൻ വിമാനം പറത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത്, പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേശക സമിതി അംഗമായും രവി ചൗധരി പ്രവർത്തിച്ചിട്ടുണ്ട്.








