സി.എം.ആർ.എൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്ന് സർക്കാരിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) നിയമോപദേശം നൽകി. മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് നിയമോപദേശത്തിൽ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച റിപ്പോർട്ടിന്റെയും അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തിൽ വിജിലൻസിനോ പൊലീസിനോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാവുന്നതാണെന്നാണ് നിർദ്ദേശം.
മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പിണറായി വിജയന് വേണ്ടി മകൾ വീണ പണം വാങ്ങിയെന്നതിന് ഡിജിറ്റൽ രേഖകളും സാക്ഷിമൊഴികളും അടക്കമുള്ള ശക്തമായ തെളിവുകളുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സേവനങ്ങളൊന്നും നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് 3.28 കോടിയിലധികം രൂപ എക്സാലോജിക് കൈപ്പറ്റിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണ്. പൊതുപ്രവർത്തകൻ മൂന്നാം കക്ഷി വഴിയോ ബന്ധുക്കൾ വഴിയോ പണം കൈപ്പറ്റിയാലും അത് അഴിമതിയായി കണക്കാക്കാമെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
പിണറായി വിജയന്റെ മരുമകനും മുൻ മന്ത്രിയും എം.എൽ.എയുമായ പി. എ. മുഹമ്മദ് റിയാസിനെതിരെയും അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ നിയമോപദേശത്തിൽ ശുപാർശയുണ്ട്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വകുപ്പുകൾ റിയാസിനെതിരെ ചുമത്താം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അഡ്വക്കേറ്റ് ജനറലും അനുകൂല നിയമോപദേശം നൽകിയതോടെ വിഷയത്തിൽ ഉടൻ തന്നെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടേക്കും.








