തിരുവനന്തപുരം: ലൈഫ്മിഷൻ കോഴ കേസിൽ മുൻ സിഇഒ യു.വി ജോസിനെതിരെ കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യു.വി.ജോസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ യൂണിടാക്കിന് നൽകിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നുവെന്നാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരിക്കുന്നത്.
കോഴയുടെ ഒരു പങ്ക് യു.വി.ജോസ് കൈപ്പറ്റിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പൻ പറയുന്നു. കസ്റ്റഡിയിലുള്ള സന്തോഷ് ഈപ്പനേയും യു.വി.ജോസിനേയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം സമയം ചോദ്യം ചെയ്തതിന് ശേഷമാണ് യു.വി.ജോസിനെ വിട്ടയച്ചത്.
വ്യാഴാഴ്ച വരെയാണ് സന്തോഷ് ഈപ്പനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒൻപത് കോടിയോളം രൂപ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ കൈക്കൂലി നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. നിലവിൽ നാലരക്കോടിയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
Discussion about this post