സൗരോപരിതലത്തിലെ പുതിയ വമ്പൻ ഗർത്തം ഭൂമിക്ക് തലവേദനയാകുമോ? അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് കഴിഞ്ഞ ദിവസം സൂര്യനിൽ ഒരു വലിയ കറുത്ത മേഖല കണ്ടെത്തിയത്. ഭൂമിയുടെ വലുപ്പത്തേക്കാൾ ഇരുപത് മടങ്ങെങ്കിലും വലുതായിരിക്കും ഈ ഗർത്തമെന്നാണ് അനുമാനം. സൂര്യനിലെ വലിയൊരു പ്രദേശം തന്നെ ഇല്ലാതായിപ്പോയത് പോലെ തോന്നിപ്പിക്കുന്ന ഈ മേഖലയെ കൊറോണൽ ഹോൾ എന്നാണ് വിളിക്കുന്നത്. സൗരോപരിതലത്തിലെ ഈ മാറ്റം ഭൂമിയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് ശാസ്ത്രലോകം നൽകുന്ന സൂചന.
കൊറോണൽ ഹോൾ രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഫെഡറൽ എജൻസിയായ എൻഒഎഎ ഭൗമകാന്തിക കൊടുങ്കാറ്റിനുള്ള മുന്നറിയിപ്പ് പുറത്തിറക്കാനിരിക്കുകയാണെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഗർത്തം ഭൂമിക്ക് നേരെ മണിക്കൂറിൽ 2.9 ദശലക്ഷം കിലോമീറ്റർ വേഗതയിലുള്ള സൗരവാതങ്ങൾ പുറപ്പെടുവിക്കുകയാണെന്നും വെള്ളിയാഴ്ച ഇത് ഭൂമിയിലെത്തുമെന്നും ഓസ്ട്രേലിയൻ മാധ്യമമായ news.com.au റിപ്പോർട്ട് ചെയ്യുന്നു. സൗരവാതം ഭൂമിയെ എത്തരത്തിലാണ് ബാധിക്കുകയെന്ന് കണ്ടെത്താൻ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും ഈ മാധ്യമം റിപ്പോർട്ട് ചെയ്തു. സൂര്യനിൽ നിന്നും തുടർച്ചയായി ചാർജ്ജിത കണങ്ങൾ പുറത്തേക്ക് വരുന്നത് ഭൂമിയുടെ കാന്തിക മണ്ഡലത്തെയും സാറ്റലൈറ്റുകളെയും മൊബൈൽ ഫോണുകളെയും ജിപിഎസിനെയും ബാധിച്ചേക്കും.
സൂര്യന്റെ ദക്ഷിണ ധ്രുവത്തിനടുത്തായി മാർച്ച് 23നാണ് നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി കൊറോണൽ ഹോൾ കണ്ടെത്തിയത്. സൗരോപരിതലത്തിലെ ഇത്തരം ഗർത്തങ്ങൾ ശൂന്യാകാശത്തിൽ സൗരവാതങ്ങൾക്ക് കാരണമാകും. നിലവിലെ കൊറോണൽ ഹോൾ ഇപ്പോൾ വളരെ വലുതാണെന്നും ഏതാണ്ട് 300,000- 400,000 കിലോമീറ്റർ വീതി അതിനുണ്ടാകുമെന്നും നാസയിലെ ഗൊഡാർഡ് ഹെലിഫിസിക്സ് സയൻസ് ഡിവിഷനിലെ അലക്സ് യംഗ് പറയുന്നു. അതായത് ഏകദേശം 20-30 ഭൂമികൾ ഒന്നിനുപിറകേ ഒന്നായി അടുക്കിവെച്ചാൽ വരുന്ന അത്രയും വലുപ്പം.
എന്താണ് കൊറോണൽ ഹോൾ?
സൂര്യനിലെ കൊറോണയെന്ന് അറിയപ്പെടുന്ന ഏറ്റവും പുറമേ കാണപ്പെടുന്ന മേഖലയിലെ കറുത്ത നിറത്തിലുള്ള മേഖലകളാണ് കൊറോണൽ ഹോളുകളെന്ന് നാസ വിശദീകരിക്കുന്നു. സൂര്യന്റെ എക്ട്രീം അൾട്രാവയലറ്റ് (ഇയുവി), എക്സ്-റേ ചിത്രങ്ങളിലാണ് ഇവ ദൃശ്യമാകുക. ചുറ്റുമുള്ള ,പ്ലാസ്മയെ അപേക്ഷിച്ച് താരതമ്യേന തണുത്തിരിക്കുന്ന, സാന്ദ്രത കുറഞ്ഞ ഇടങ്ങൾ ആയതുകൊണ്ടാണ് ഇവിടം കറുത്ത നിറത്തിൽ കാണുന്നത്. തുറസ്സായതും ഏകധ്രുവ കാന്തിക മണ്ഡലങ്ങൾ ഉള്ളതുമായ പ്രദേശം കൂടിയാണ് ഇവിടം. സൗരോപരിതലത്തിൽ എവിടെ, എപ്പോൾ വേണമെങ്കിലും ഇത്തരം ഗർത്തങ്ങൾ രൂപപ്പെടാം.
Discussion about this post