ആലപ്പുഴ: ആറന്മുളയിൽ പ്രസവത്തെ തുടർന്ന് മാതാവ് ഉപേക്ഷിച്ച നവജാത ശിശുവിന്റെ ഫോട്ടോയും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി ചൈൽഡ് വെൽഫയർ കമ്മിറ്റി. ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വ. എൻ രാജീവ് അറിയിച്ചു. ഇന്നലെ മുതൽ കുഞ്ഞിന്റെയും സഹോദരന്റെയും ഫോട്ടോയും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പുമായി സിഡബ്ല്യുസി രംഗത്ത് എത്തിയത്.
ശ്രദ്ധയും സംരക്ഷണവും ചികിത്സയും ഉറപ്പ് വരുത്തേണ്ട കുഞ്ഞിന്റെ സ്വകാര്യതയും രഹസ്യാത്മകതയും ബാലനീതി നിയമ പ്രകാരം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാരണത്താലാണ് ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്ന് സിഡബ്ല്യുസി വ്യക്തമാക്കി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടി നിലവിൽ ഉള്ളത്. കുഞ്ഞിനെ സംബന്ധിച്ച് ഉള്ള ഫോട്ടോ , വീഡിയോ മുതലായ കുട്ടിയെ തിരിച്ചറിയുന്ന ഏതൊരു വിവരവും പ്രചരിപ്പിക്കുന്ന സാഹചര്യം ശ്രദ്ധയിൽ വന്നാൽ പരിശോധിച്ചു കേസ് എടുക്കുന്നതിന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സി ഡബ്ല്യു സി ചെയർമാൻ അറിയിച്ചു.
ഇന്നലെയാണ് വീട്ടിൽ പ്രസവിച്ച ശേഷം ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിനെ പോലീസ് എത്തി രക്ഷിച്ച് ആശുപത്രിയിൽ ആക്കിയത്. കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ പോലീസ് എത്തി നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനുള്ളതായി കണ്ടെത്തി. ഇതോടെ ബക്കറ്റുമായി ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. പോലീസ് കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post