മുംബൈ: എലത്തൂർ തീവയ്പ് കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായത്. കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. നേരത്തെ പല ആളുകളേയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. പ്രതി പിടിയിലായ വിവരം ഉന്നത പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതി എന്തുകൊണ്ടാണ് കേരളത്തിലെത്തി ഇത്തരമൊരു ആക്രമണം നടത്തിയത് എന്നറിയാനാണ് അന്വേഷണ സംഘം ഇനി പ്രധാനമായും ശ്രമിക്കുന്നത്.
കേരള പോലീസ് മഹാരാഷ്ട്ര എടിഎസിനും പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര എടിഎസും വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഇവരുടെ കൂടി സഹായത്തോടെയാണ് സംഭവം നടന്ന് നാലാം ദിവസം പ്രതി പിടിയിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായ അന്വേഷണമാണ് വിവിധ ഏജന്‍സികള്‍ നടത്തി വന്നിരുന്നത്.
സമൂഹമാദ്ധ്യമങ്ങൾ വഴിയും ഇയാളിലേക്കെത്താൻ അന്വേഷണസംഘം ശ്രമിച്ചിരുന്നു. ഉപേക്ഷിക്കപ്പെട്ട പുസ്തകത്തിൽ രേഖപ്പെടുത്തിയ ‘ഷഹറൂഖ് സെയ്ഫി’സ് കാർപെന്ററി’ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ നിരവധി വീഡിയോകളുണ്ട്. ഒക്ടോബർ 22ന് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇയാൾ പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോയിൽ കാണുന്ന യുവാവിയിരിക്കാം ട്രെയിനിൽ ആക്രമണം നടത്തിയതെന്ന സംശയം നേരത്തെ തന്നെ പോലീസ് ഉയർത്തിയിരുന്നു.
Leave a Comment