മലപ്പുറം: കുഴിമന്തി കഴിച്ചതിന് പിന്നാലെയുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ കുട്ടിയ്ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മൂന്ന് മക്കളിൽ ഒരാൾക്കായി രോഗബാധ കണ്ടെത്തിയത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഴിമന്തിയും മയോണൈസും കഴിച്ചതിന് പിന്നാലെ കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മൂന്ന് മക്കൾക്കും സഹോദരിയുടെ മകൾക്കും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടത്. ഉടനെ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റ് മൂന്ന് പേരുടെയും അസുഖം മാറിയെങ്കിലും കാഞ്ഞിരാട്ടുകുന്ന സ്വദേശിയുടെ നാല് വയസ്സുള്ള മകന് മാത്രം അസുഖം മാറിയില്ല. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കടുത്ത വയറിളക്കവും പനിയും ഛർദ്ദിയുമായിരുന്നു കുട്ടിയ്ക്ക് അനുഭവപ്പെട്ടിരുന്നത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. നിലവിൽ കണ്ണു തുറക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കുട്ടിയുള്ളത്.
Discussion about this post