ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 5880 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 37,093 ആണ്.
98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. 21 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5,31,000 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1.19 ശതമാനമാണ് മരണനിരക്ക്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 13,000ത്തിലധികം സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്.
മഹാരാഷ്ട്ര, തമിഴ്‌നാട്. ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കൊറോണ രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മഹാരാഷ്ട്രയിൽ 4667ഉം, തമിഴ്‌നാട്ടിൽ 2099ഉം ഡൽഹിയിൽ 2338ഉം സജീവ കേസുകളാണുള്ളത്. അതേസമയം ആശുപത്രികളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന മോക്ഡ്രിൽ ഇന്നും തുടരും.









