ചരിത്രപ്രസിദ്ധമായ ചെങ്കോൽ സ്പീക്കറിന്റെ ചോംമ്പറിന് സമീപം സ്ഥാപിച്ചുകൊണ്ട് പ്രധാനമന്ത്രി പുതുചരിത്രം കുറിച്ചിരിക്കുകയാണ്. പ്രതിപക്ഷം വിമർശനം ഉന്നയിക്കുമ്പോഴും, പ്രൗഢഗംഭീരമായി തലഉയർത്തി നിൽക്കുന്ന ചെങ്കോൽ ചരിത്രത്തിന്റെ നേർസാക്ഷിയാവുകയായിരുന്നു.
ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുന്ന വാർത്ത പുറത്ത് വരുന്നത് വരെ അതിന് പിന്നിലുള്ള ചരിത്രം പലരും വിസ്മരിച്ചിരിക്കുകയായിരുന്നു. നർത്തകി ഡോക്ടർ പത്മ സുബ്രഹ്മണ്യമാണ് ചെങ്കോലിന്റെ ചരിത്ര പ്രധാന്യത്തെക്കുറിച്ച് 2021-ൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്.
ചെങ്കൊലിനെക്കുറിച്ചുള്ള ഒരു ലേഖനം തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് പ്രശസ്ത നർത്തകി പത്മ സുബ്രഹ്മണ്യമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ചരിത്രപ്രസിദ്ധമായ സ്വർണ ചെങ്കോൽ കണ്ടെത്തണം എന്നായിരുന്നു അതിലെ പ്രധാന അഭ്യർത്ഥന.
‘ഞാൻ സംസ്കാരത്തിന്റെ ചരിത്രമെഴുതുന്ന ആളാണ്, നമ്മുടെ ചരിത്രത്തിലെ ‘ചെങ്കോൽ’ അദ്ധ്യായത്തെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു, കാരണം ഒരു പാഠപുസ്തകത്തിലും അതിനെ കുറിച്ച് പരാമർശമില്ല. ഈ സാഹചര്യത്തിൽ ‘ചെങ്കോൽ’ കൂടുതൽ പ്രചാരണം നേടണമെന്ന് ഞാൻ കരുതി. അതുകൊണ്ട് തുഗ്ലക്ക് ലേഖനം മുഴുവനും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ‘ചെങ്കോൽ’ എവിടെയായിരുന്നാലും അത് പുറത്തുകൊണ്ടുവരണമെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ വ്യാപകമായ പ്രചാരണം നൽകണമെന്നും കാണിച്ച് പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതി. അങ്ങനെയാണ് എല്ലാം ആരംഭിച്ചത്- പത്മ സുബ്രഹ്മണ്യം പറയുന്നു.തമിഴ് സാഹിത്യം പഠിച്ച ഏതൊരാൾക്കും ‘ചെങ്കോൽ’ എന്നതിനെക്കുറിച്ച് അറിയാം. ഇത് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഒരു പാരമ്പര്യമാണ്. അത് അധികാര കൈമാറ്റത്തിന്റെ പ്രതീകമാണ്. ഇത് 75-ാം വർഷത്തിന്റെ ഒരു ഭാഗം മാത്രമല്ലെന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് നർത്തകി കൂട്ടിച്ചേർത്തു.
Discussion about this post