മലപ്പുറം: കരിപ്പൂരിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോയിലധികം തൂക്കമുള്ള സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
മണ്ണാർക്കാട് സ്വദേശിയായ മുഹമ്മദ് ഷെരീഫ്, കരുവാരകുണ്ട് സ്വദേശിയായ സഫ്വാൻ എന്നിവരാണ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം മിശ്രിതമാക്കി ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇവർ പിടിയിലായി. ചോദ്യം ചെയ്യലിൽ കുറ്റം വിസമ്മതിച്ച പ്രതികളിൽ നിന്നും ദേഹപരിശോധനയ്ക്ക് ശേഷമാണ് സ്വർണം കണ്ടെടുത്തത്.
മുഹമ്മദ് ഷെരീഫിൽ നിന്ന് 1061 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും സഫ്വാനിൽ നിന്ന് 1159 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഒരു കോടി 20 ലക്ഷം രൂപ വില മതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
ജിദ്ദയിൽ നിന്നുമാണ് ഇരുവരും എത്തിയത്. ടിക്കറ്റടക്കം 50,000 രൂപയായിരുന്നു സഫ്വാന് സ്വർണക്കടത്ത് സംഘം വാഗ്ദാനം ചെയ്തത്. ഷെരീഫിന് 80,000 രൂപയും വാഗ്ദാനം ചെയ്തിരുന്നു. ഇവരിൽ നിന്നും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.












