ന്യൂഡൽഹി : കണ്ണൂരിലെ തെരുവ് നായ ആക്രമണം സബന്ധിച്ച് സൂപ്രീം കോടതിയിൽ ദൃശ്യങ്ങൾ സമർപ്പിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്. മുഴപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവ് നായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അടിയന്തിരമായി വാദം കേൾക്കണമെന്നാണ് ആവശ്യം.
തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കക്ഷി ചേർന്നിരുന്നു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായ്ക്കളെയും ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് അപേക്ഷ ഫയൽ ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ തെരുവ് നായ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്. മുഴപ്പിലങ്ങാട് തെരുവ് നായ ആക്രമണത്തിൽ 10 വയസുകാരൻ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടലിൽ നിന്ന് നാട് മുക്തമാവുന്നതിന് മുൻപ് തന്നെ മൂന്നാം ക്ലാസുകാരിയും ആക്രമണത്തിന് ഇരയായി. വീട്ടുമുറ്റത്ത് വെച്ചാണ് തെരുവ് നായ്ക്കൾ കുട്ടിയെ കൂട്ടത്തോടെ ആക്രമിച്ചത്. കുട്ടിയുടെ കാലിലും തലയ്ക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഗുരുതരമായ പരിക്കേറ്റ കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം.
Discussion about this post