കൊച്ചി: പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ അഭിമുഖം എടുക്കാനെത്തിയ ഏഷ്യനെറ്റ് വനിത റിപ്പോര്‍ട്ടര്‍ അപമാനിക്കപ്പെട്ടതായി വെളിപ്പെടുത്തല്‍. അഭിമുഖം എടുക്കാനെത്തിയത് ഒരു വനിതയാണെന്നറിഞ്ഞപ്പോള്‍ കാന്തപുരം അതിന് വിസമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ദൃശ്യ മാധ്യമപ്രവര്‍ത്തകയായ പിപി സന്ധ്യയാണ് രംഗത്തെത്തിയത്. പെണ്ണാണ് അഭിമുഖം എടുക്കാന്‍ വന്നതെന്നറിഞ്ഞപ്പോള്‍ ഒരു സ്ത്രി എന്റെ അഭിമുഖമെടുക്കാന്‍ പാടില്ല എന്ന് കാന്തപുരം പറഞ്ഞു. നിര്‍ബന്ധമാണെങ്കില്‍ പുരുഷനായ ക്യാമറാമാന് ചോദ്യങ്ങള്‍ ചോദിക്കട്ടെ എന്നായിരുന്നു കാന്തപുരത്തിന്റെ വാക്കുകള്‍.
ഒടുവില്‍ ചോദ്യം ചോദിക്കുന്നതോ, ഒപ്പമിരിക്കുന്നതോ ആയ ദൃശ്യങ്ങള്‍ ടെലികാസ്റ്റ് ചെയ്യരുതെന്ന നിബന്ധനയോടെ അഭിമുഖം എടുക്കുകയായിരുന്നു. അദ്ദേഹത്തിന് നല്കിയ വാക്ക് പാലിക്കേണ്ടി വന്നുവെന്നും സന്ധ്യ പറയുന്നു. പെണ്ണെന്ന നിലയ്ക്ക് അന്നത് വലിയ അപമാനമായി തോന്നിയെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പി.പി സന്ധ്യ പ്രതീകരിച്ചു.
മാധ്യമരംഗത്തെ ഓര്‍മ്മകുറിപ്പുകളോ, അനുഭവമോ എന്നെങ്കിലും എഴുതുകയാണെങ്കില്‍ ആ അനുഭവം അതില്‍ ഉള്‍പ്പെടുത്തണമെന്ന് കരുതിയിരുന്നുവെന്നും, പക്ഷേ ഇപ്പോഴാണ് അതിന് പ്രസക്തിയെന്നും സന്ധ്യ തന്റെ കുറിപ്പില്‍ പറയുന്നു.
ലിംഗസമത്വം സാധ്യമാവില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് ഇപ്പോഴും ദൃശ്യമാധ്യമ രംഗത്ത് സജീവമായ പി.പി സന്ധ്യയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. മീഡിയ വണ്‍ ചാനലിലെ സീനിയര്‍ ജേണലിസ്റ്റാണ് ഇപ്പോള്‍ പി.പി സന്ധ്യ.
പോസ്റ്റിന്റെ പൂര്‍ണരൂപം-
പതിമൂന്ന് വര്‍ഷം മുമ്പാണ്.ഏഷ്യാനെറ്റ് ന്യൂസില്‍ കോഴിക്കോട് ബ്യൂറൊയില്‍ ട്രെയിനിയായി ജോലി ചെയ്യുന്ന കാലം.ദത്തെടുക്കല്‍ വിഷയവുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഏ പി അബൂബക്കര്‍ മുസ്ല്യാരുടെ അഭിമുഖത്തിനായി പോവുന്നത്.കാന്തപുരത്തെ ഫോണില്‍ വിളിച്ച് അഭിമുഖം ഏര്‍പ്പാടാക്കി തന്നത് ഒരു സഹപ്രവര്‍ത്തകനാണ് .പെണ്ണാണ് അഭിമുഖമെടുക്കാന്‍ വരുന്നതെന്ന് കാന്തപുരം അറിഞിരുന്നില്ലെന്ന് ചുരുക്കം.അഭിമുഖമെടുക്കാന്‍ വന്ന എന്നെ കണ്ടപ്പോള്‍ തന്നെ അദ്ദേഹം പറഞു.ഒരു സ്ത്രീ എന്റെ അഭിമുഖമെടുക്കാന്‍ പാടില്ല ,നിര്‍ബന്ധമാണെങ്കില്‍ പുരുഷനായ ക്യാമറാമാന് ചോദ്യങ്ങള്‍ ചോദിക്കട്ടെ എന്ന്.അത് പറ്റില്ലെന്നും അഭിമുഖമെടുക്കാതെ മടങ്ങില്ലെന്നും ഞാന്‍ അറിയിച്ചപ്പോള്‍, അദ്ദേഹം ഒരു നിബന്ധന മുന്നോട്ട് വച്ചു.എന്റെ ചോദ്യങ്ങളോ ഞാന്‍ അദ്ദേഹത്തിന്റെ ഒപ്പമിരിക്കുന്നതോ ടെലികാസ്റ്റ് ചെയ്യരുതെന്ന്..ആ അഭിമുഖം അന്ന് പ്രധാനപ്പെട്ടതായി തോന്നിയതു കൊണ്ട് അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിക്കുക തന്നെ ചെയ്തു.പക്ഷെ പെണ്ണെന്ന നിലയ്ക്ക് അന്നത് വലിയ അപമാനമായി തോന്നി. മാധ്യമരംഗത്തെ ഓര്‍മ്മകുറിപ്പുകളോ അനുഭവമോ എന്നെങ്കിലും എഴുതകയാണെങ്കില്‍ ആ അനുഭവം അതില്‍ ഉള്‍പ്പെടുത്തണമെന്ന് കരുതിയിരുന്നു.പക്ഷെ ഇപ്പോഴാണ് അതിന് പ്രസക്തി.
Discussion about this post