തിരുവനന്തപുരം : കേരള മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ഹോമിയോപ്പതി മരുന്നിന്റെ ചിത്രത്തിനൊപ്പം നൽകിയ ഇല സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇല കഞ്ചാവിന്റെതാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ആവണക്കിന്റെ ഇലയാണെന്ന് അഭിപ്രായം ഉയർന്നെങ്കിലും കഞ്ചാവ് ഇലയ്ക്കാണ് വോട്ട് കൂടുതൽ.
മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ ഇത്തരമൊരു ചിത്രം വരുന്നതിൽ തെറ്റുണ്ടെന്ന അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. കഞ്ചാവ് മരുന്നുകൾക്ക് ഉപയോഗിക്കാറുണ്ടെങ്കിലും അത് നേരിട്ട് ചിത്രമായി നൽകുക പതിവില്ല. കഞ്ചാവ് ചെടികൾ വളർത്തിയാൽ പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യവും നിയമവും ഉള്ളപ്പോൾ ഇത്തരത്തിൽ പരസ്യ ചിത്രത്തിനുപയോഗിക്കുന്നത് ആശാസ്യമല്ലെന്നാണ് വിമർശനം.
അതേസമയം കഞ്ചാവിന്റെ ഇല പോലെ മറ്റ് ചെടികളുടെ ഇലകളുണ്ടെന്നുള്ള അഭിപ്രായങ്ങളും ചർച്ചകളിൽ വരുന്നുണ്ട്. എന്നാൽ ചിത്രത്തിലുള്ളത് കഞ്ചാവിന്റെ ഇല തന്നെയാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ലഹരിക്കെതിരെ സർക്കാർ കൊണ്ടു പിടിച്ച് ബോധവത്കരണം നടത്തുമ്പോൾ സർക്കാർ വെബ്സൈറ്റിൽ തന്നെ ലഹരി പരസ്യ ചിത്രത്തിനുപയോഗിക്കുന്നു എന്നാണ് വിമർശനങ്ങൾ. വെബ്സൈറ്റിൽ തന്നെ നിരവധി ബോധവത്കരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post