ഇസ്ലാമാബാദ് : അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും ഏറ്റവുമധികം കടമെടുക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി പാകിസ്താൻ. രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് വീണ്ടും കടമെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ഒൻപത് മാസത്തിനിടെ രാജ്യം 3 ബില്യൺ യുഎസ് ഡോളർ കടമെടുക്കുന്നതോടെയാണ് കടമെടുപ്പിൽ പാകിസ്താൻ നാലാം സ്ഥാനത്ത് എത്തുന്നത്.
2023, മാർച്ച് 31 വരെ പാകിസ്താൻ അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ ഐഎംഎഫിൽ നിന്ന് 3 ബില്യൺ യുഎസ് ഡോളർ അധികമായി കൈപ്പറ്റുന്നതോടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്തുകയാണ്.
ഐഎംഎഫിൽ നിന്ന് 46 ബില്യൺ യുഎസ് ഡോളർ കടമെടുത്ത അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 18 ബില്യൺ യുഎസ് ഡോളറുമായി ഈജിപ്തും, 12.2 ബില്യൺ യുഎസ് ഡോളറുമായി യുക്രെയ്‌നും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഇക്വഡോറിനെ പിന്തള്ളിയാണ് പാകിസ്താൻ നാലാം സ്ഥാനത്തെത്തുന്നത്. പുതുതായി കടമെടുക്കുന്നതോടെ ഐഎംഎഫിൽ നിന്നുള്ള രാജ്യത്തിന്റെ കടമെടുപ്പ് 10.4 ബില്യൺ ഡോളറിൽ എത്തും.
93 രാജ്യങ്ങൾക്ക് ഐഎംഎഫ് കടം നൽകിയിട്ടുണ്ട്. എന്നാൽ പാകിസ്താൻ ഉൾപ്പെടെയുള്ള പത്തു രാജ്യങ്ങൾക്കാണ് ഇതിന്റെ 71.7 ശതമാനവും കടമായി നൽകിയിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഐഎംഎഫിൽ നിന്ന് ഏറ്റവും കൂടുതൽ കടമെടുക്കുന്ന രാജ്യവും പാകിസ്താൻ തന്നെയാണ്. ശ്രീലങ്ക, നേപ്പാൾ, ഉസ്‌ബെകിസ്ഥാൻ, അർമേനിയ മംഗോളിയ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളും ഐഎംഎഫിൽ നിന്ന് കടമെടുത്തിട്ടുണ്ടെങ്കിലും അവരെല്ലാം പാകിസ്താനേക്കാൾ എത്രയോ പിന്നിലാണ്.
Discussion about this post