ഭോപ്പാൽ : മദ്ധ്യപ്രദേശിൽ യുവാവ് മൂത്രമൊഴിച്ച വനവാസി തൊഴിലാളിയെ നേരിട്ട് കണ്ട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ. ദശ്മത് റാവത്ത് എന്നയാളാണ് അക്രമത്തിന് ഇരയായത്. ദശ്മത് റാവത്തിനെ ആദരിച്ചുകൊണ്ട് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കാല് കഴുകി.
”വളരെയധികം വിഷമമുണ്ട്. ഇത് നിങ്ങളുടെ ദുഃഖം പങ്കിടുന്നതിന് വേണ്ടിയാണ് ദശ്മത് ജി. എനിക്ക് ജനങ്ങളാണ് ദൈവം. ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു” എന്ന് ശിവ് രാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ കുറിച്ചു. ദശ്മത് റാവത്തിനെ ആദരിക്കുന്ന വീഡിയോയും മുഖ്യമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഭോപ്പാലിലെ സ്മാർട്ട് സിറ്റി പാർക്കിലേക്ക് ദശ്മത് റാവത്തിനെ കൊണ്ടുപോയി അവിടെ ഒരു വൃക്ഷ തൈ നട്ടു. ഇരുവരും ഒന്നിച്ചാണ് വൃക്ഷ തൈ നട്ടത്.
പ്രവീൺ ശുക്ല എന്നയാൾ വഴിയിലിരുന്ന വനവാസി തൊഴിലാളിയുടെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ പ്രതിക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി നടപടിയെടുക്കാൻ ചൗഹാൻ ആവശ്യപ്പെട്ടു. തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ പോലീസ് വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പ്രതിയുടെ വീട് ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയിരുന്നു. ഇനി ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാൻ ആർക്കും ധൈര്യം ഉണ്ടാവരുത് എന്നാണ് പ്രതിക്കെതിരെ നടപടിയെടുത്തതിന് ശേഷം ചൗഹാൻ പറഞ്ഞത്.









Discussion about this post