ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള പീപ്പൽക്കോട്ടിക്ക് സമീപം നിർമ്മാണത്തിലിരുന്ന തുരങ്കത്തിനുള്ളിലേക്ക് മണ്ണും വെള്ളവും കുതിച്ചെത്തി വൻ അപകടം. ടി.എച്ച്.ഡി.സി (THDC) ഇന്ത്യ നിർമ്മിക്കുന്ന നിർദ്ദിഷ്ട പദ്ധതി പ്രദേശത്താണ് വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെ അപ്രതീക്ഷിതമായി അപകടമുണ്ടായത്. ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കിടയിലേക്ക് വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറിയതിനെ തുടർന്ന് നിരവധി പേർ അഞ്ചരയോടെ ഉൾഭാഗത്ത് കുടുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പ്രദേശത്തെത്തിയ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളും (NDRF, SDRF) പ്രാദേശിക ഭരണകൂടവും ചേർന്ന് നടത്തിയ ദ്രുതഗതയിലുള്ള രക്ഷാപ്രവർത്തനത്തിൽ നിലവിൽ 16 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചു.
അപകട സമയം ഏകദേശം 19 ഓളം തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. മണ്ണും വെള്ളവും വൻതോതിൽ ഉള്ളിലേക്ക് ഒഴുകിയെത്തിയതിനെ തുടർന്ന് ചില തൊഴിലാളികൾ പുറത്തേക്കുള്ള വഴിയിൽ കുടുങ്ങുകയും ചിലർ പ്രവേശന കവാടത്തിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. നിലവിൽ മൂന്നോ നാലോ പേർ അപകടകരമായ സാഹചര്യത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് കൂടുതൽ ആംബുലൻസുകളും മെഡിക്കൽ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കനത്ത മണ്ണുമാന്തി യന്ത്രങ്ങളും പമ്പുകളും ഉപയോഗിച്ച് തുരങ്കത്തിലെ വെള്ളവും ചെളിയും നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്യോഗസ്ഥർക്ക് അടിയന്തിര നിർദ്ദേശം നൽകി. കുടുങ്ങിക്കിടക്കുന്ന ഓരോ തൊഴിലാളിയെയും ജീവനോടെ പുറത്തെത്തിക്കുക എന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തത്സമയം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.ഡി.ആർ.എഫും പോലീസും സംയുക്തമായി നടത്തുന്ന രക്ഷാപ്രവർത്തനം വരും മണിക്കൂറുകളിലും തുടരും. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കമ്പനി അധികൃതരോടും ജില്ലാ ഭരണകൂടത്തോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.








