ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പെടെ ഏത് രാജ്യങ്ങളെക്കാളും ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതരായിരിക്കുന്നത് ഇന്ത്യയിലാണെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മതേതരത്വം എന്നത് ഇന്ത്യന്‍ ജനതയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍സ് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്ത്യക്കെതിരെ വലിയ തോതില്‍ കള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. വിദേശ മാദ്ധ്യമങ്ങളില്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ ഇന്ത്യയെക്കുറിച്ചും ഇവിടുത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെ കുറിച്ചുമെല്ലാം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ അമേരിക്കയില്‍ ജീവിക്കുന്നതിനെക്കാള്‍ സുരക്ഷിതരായിട്ടാണ് ഇന്ത്യയില്‍ ജീവിക്കുന്നതെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്നും മറ്റ് രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും നിങ്ങള്‍ കാണുന്നുണ്ട്. പക്ഷേ പലരും വിവേചനപരമായേ കാര്യങ്ങള്‍ കാണുന്നുണ്ട്. ഇന്ത്യ ന്യൂനപക്ഷങ്ങളെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. പാകിസ്താനിലേക്ക് പോകാന്‍ ആഗ്രഹിച്ചവരെല്ലാം പോയിക്കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളവരെല്ലാം ഇവിടെ മാത്രം ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണം. കാരണം മതേതരത്വം എന്നത് ഇന്ത്യയുടെ രക്തത്തിലുള്ള കാര്യമാണെന്നും” അദ്ദേഹം പറഞ്ഞു.








