സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും അപ്രഖ്യാപിത പവർകട്ടും രൂക്ഷമായി തുടരുന്നതിനിടയിൽ സർക്കാരിനെതിരെ പരിഹാസവുമായി മുൻ മന്ത്രിയും സി.പി.എം. നേതാവുമായ കെ.ടി. ജലീൽ രംഗത്ത്. മാറ്റത്തിന് വോട്ട് ചെയ്ത ജനങ്ങൾക്ക് ഇത്രവേഗം ആ മാറ്റം അനുഭവിപ്പിക്കാൻ പുതിയ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ പത്ത് വർഷമായി കേരളം കേൾക്കാത്തതും കാണാത്തതുമായ കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും, സംസ്ഥാനത്ത് വീണ്ടും പവർകട്ട് എത്തിക്കഴിഞ്ഞെന്നും അദ്ദേഹം വിമർശിച്ചു. ദിവസവും രാത്രി നാല് തവണയാണ് വൈദ്യുതി മുടങ്ങുന്നതെന്നും, അവയ്ക്ക് ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുൽ കട്ട്, പാണക്കാട് കട്ട് എന്നിങ്ങനെയാണ് പരിഹാസരൂപേണ പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരാൻ വേണ്ടി പ്രാർത്ഥിച്ചവരും ‘യാസീൻ’ ഓതിയവരും ഇപ്പോൾ ഈ സർക്കാർ എത്രയും പെട്ടെന്ന് പോകാൻ വേണ്ടി ‘ഖത്തം’ ഓതിത്തുടങ്ങിയിരിക്കുകയാണെന്നും, കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയുമെന്ന കാരണവന്മാരുടെ പഴഞ്ചൊല്ല് എത്രയോ സത്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മാറ്റത്തിന് വോട്ട് ചെയ്തവരെ, ഇത്രവേഗം മാറ്റം അനുഭവിപ്പിക്കാൻ ”പൂക്കി” സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. 10 കൊല്ലം കേൾക്കാത്തതും കാണാത്തതും കേരളം കണ്ടുതുടങ്ങി.
പവർക്കട്ട് ഇതാ വന്നെത്തി!
ദിവസവും രാത്രി നാല് കട്ട്!
ഒന്നാമത്തെ കട്ട് : ഇന്ദിരാ കട്ട്
രണ്ടാമത്തെ കട്ട് : പൂക്കി കട്ട്
മൂന്നാമത്തെ കട്ട് : രാഹുൽ കട്ട്
നാലാമത്തെ കട്ട് : പാണക്കാട് കട്ട്
UDF സർക്കാർ വരാൻ ‘യാസീൻ’ ഓതിയവർ, പൂക്കി സർക്കാർ പോകാൻ ‘ഖത്തം’ ഓതിത്തുടങ്ങി. കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയുമെന്ന് കാരണവൻമാർ പറയുന്നത് വെറുതെയല്ല.









