ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിന് ഏറ്റവും യോഗ്യനായ വ്യക്തി നരേന്ദ്രമോദി മാത്രമാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിരവധി ആളുകളെ കണ്ടുവച്ചിട്ടുണ്ടാകാമെന്നും അവരൊന്നും ആ സ്ഥാനത്തിന് അർഹരല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നിരയിൽ പ്രധാനമന്ത്രിയാകാൻ കഴിയുന്ന നിരവധി മുഖങ്ങളുണ്ടെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു രാംദാസ് അത്താവലെയുടെ പ്രതികരണം.
” പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പല മുഖങ്ങളേയും കണ്ടുവച്ചിട്ടുണ്ടാകും. എന്നാൽ അതിന് യോഗ്യനായ ഒരേയൊരു വ്യക്തി നരേന്ദ്രമോദി മാത്രമാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ച് വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. ജനങ്ങൾ ഞങ്ങളുടെ കൂടെയുണ്ടെന്നും” അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡിന് പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ”ഏകീകൃത സിവിൽ കോഡ് വേണമെന്നായിരുന്നു അംബേദ്കറുടെ കാഴ്ചപ്പാട്. രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരായിരിക്കണം. നിയമത്തെ കുറിച്ച് മുസ്ലീം സമൂഹത്തിനെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. ഞങ്ങളുടെ പാർട്ടി ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുകയാണ്. ഹിന്ദു-മുസ്ലിം ഐക്യത്തിന് ഈ നിയമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.








