ഒരവസരം ലഭിച്ചാൽ വീട്ടിലെ ഭക്ഷണം ഒഴിവാക്കി, റെസ്റ്റോറൻ്റുകളുടെ രുചി തേടിപോകുന്നവരാണ് നമ്മളിൽ പലരും. ഹോട്ടലിൽ നേരിട്ടെത്തി, കഴിക്കുന്നതിനോടൊപ്പം തന്നെ ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നതും നമ്മുടെ ശീലങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഫുഡ് ഡെലിവറി സേവനം നൽകുന്ന ഒട്ടനവധി ആപ്പുകൾ നമ്മുടെ രാജ്യത്തുണ്ട്. അതിൽ തന്നെ ഒന്നാമതായി നിൽക്കുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പാണ് സൊമാറ്റോ. കഴിഞ്ഞ ദിവസമായിരുന്നു സൊമാറ്റോ തങ്ങളുടെ പതിനഞ്ചാം വാർഷികം ആഘോഷിച്ചത്.
എന്നാൽ, പിറന്നാൾ വാർത്തയേക്കാൾ, ആഘോഷവേളയിൽ ഇവരുമായി കട്ടക്ക് പോരാട്ടം നടത്തുന്ന മറ്റൊരു ഫുഡ് ഡെലിവറി ആപ്പായ സ്വിഗി, സൊമാറ്റോയ്ക്കയച്ച സമ്മാനമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. 15 കാരിയായ സൊമാറ്റോയ്ക്ക് ആശംസകൾ അറിയിച്ച് രണ്ട് സുന്ദരൻ കേക്കുകളാണ് സ്വിഗി സമ്മാനിച്ചത്. ഒരു കേക്കിൽ ‘ happy birthday zomaito’ എന്നും മറ്റേതിൽ ‘ happy birthday zomaato’ എന്നുമാണ് എഴുതിയിരിക്കുന്നത്.

നിങ്ങൾക്ക് പിറന്നാളിനായി പ്രത്യേക സമ്മാനം അയക്കുന്നുവെന്ന് സ്വിഗി ട്വീറ്റ് ചെയ്തിരുന്നുഇതിന് മറുപടിയായി ‘ ഞങ്ങളുടെ 15 വർഷങ്ങൾ കഴിവിൻ്റെ പരാമവധി ശ്രമിക്കുന്നു. അതിനിടെ പലപ്പോഴും പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും തളരാതെ തിരിച്ചുകയറി. ആളുകളിൽ നിന്ന് ഇപ്പോഴും ഇഷ്ടം സമ്പാദിക്കുന്നതായി സൊമാറ്റോ ട്വീറ്റ് ചെയ്തു. സ്വിഗി നൽകിയ കേക്കുകളുടെ ചിത്രത്തോടൊപ്പമാണ് സൊമാറ്റോ ട്വീറ്റ് പങ്കുവച്ചത്. താങ്ക് ബഡി എന്നാണ് സ്വിഗി സൊമാറ്റോയ്ക്ക് മറുപടി നൽകിയത്. പോസ്റ്റിനു താഴെ ആളുകൾ രസകരമായ കമന്റുകളുമായാണ് എത്തിയിരിക്കുന്നത്.









