മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അരക്കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ പ്രതി പിടിയിലായിട്ടുണ്ട്.
വിമാനത്താവളത്തിന് പുറത്ത് നിന്നും പോലീസ് ആണ് സ്വർണം പിടികൂടിയത്. പുളിക്കൽ സ്വദേശി മുഹമ്മദ് റഹീസ് ആയിരുന്നു സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയത്. സുരക്ഷാ പരിശോധന കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങി. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് റഹീസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സ്വർണം കടത്തിയിട്ടില്ലെന്ന് ആയിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ പരിശോധനയിൽ സ്വർണം പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ഈ സ്വർണത്തിന് വിപണിയിൽ 64 ലക്ഷം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്. ഈ വർഷം വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 26ാമത്തെ സ്വർണക്കടത്ത് കേസാണിത്.
Discussion about this post