ലഖ്‌നൗ: 2019 ലെ പൊതുതെരഞ്ഞെടുപ്പിനിടെ വിദ്വേഷകരമായ രീതിയിൽ പ്രസംഗിച്ചെന്ന കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെ ഉത്തർപ്രദേശിലെ രാംപൂരിലെ എംപി-എംഎൽഎ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. ജയിൽവാസത്തിന് പുറമെ മുൻ എംപിക്ക് 2,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജഡ്ജി ശോഭിത് ബൻസാൽ ആണ് അസം ഖാൻ കുറ്റക്കാരനാണെന്ന് വിധി പ്രസ്താവിച്ചത്.
2019 ലെ തന്നെ മറ്റൊരു വിദ്വേഷ പ്രസംഗ കേസിൽ രാംപൂരിലെ എംപി-എംഎൽഎ കോടതി കഴിഞ്ഞ വർഷം അസം ഖാനെ ശിക്ഷിച്ചിരുന്നു. മിലാക് കോട്‌വാലി പ്രദേശത്തെ ഖതാനഗാരിയ ഗ്രാമത്തിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമ്പോൾ ആയിരുന്നു അന്നത്തെ സംഭവം ഉണ്ടായത്. തുടർന്ന് മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അസം ഖാനെ യുപി നിയമസഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
ഈ വർഷം മേയിൽ ഒരു സെഷൻസ് കോടതി കീഴ്കോടതിയുടെ വിധി റദ്ദാക്കി. എങ്കിലും ഭൂമി കൈയേറ്റം ഉൾപ്പെടെ നിരവധി കേസുകളിൽ പെട്ട് കഴിഞ്ഞ 27 മാസമായി ജയിലിൽ കഴിയുകയായിരുന്നു സമാജ്‌വാദി പാർട്ടിയുടെ ഈ മുൻ എംപി. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയിലാണ് അസം ഖാൻ പുറത്തിറങ്ങിയത്. ശനിയാഴ്ച വിധി പ്രസ്താവിച്ചതിന് ശേഷം, ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 389 പ്രകാരം അസം ഖാന് ജാമ്യം ലഭിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.








