ദക്ഷിണ ലെബനനിൽ ഹിസ്ബുള്ളയുടെ ഭീകര ശൃംഖലകൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ കൂറ്റൻ സ്ഫോടനം മേഖലയിൽ ഭൂകമ്പ തരംഗങ്ങൾ സൃഷ്ടിച്ചു. തന്ത്രപ്രധാനമായ അലി അൽ-താഹർ മലനിരകൾക്ക് താഴെയുള്ള ഹിസ്ബുള്ളയുടെ കൂറ്റൻ തുരങ്ക ശൃംഖലയാണ് ഇസ്രായേൽ പ്രതിരോധ സേന വൻതോതിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തത്. ഈ സ്ഫോടനത്തിന്റെ ആഘാതത്തിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൃത്രിമ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേയും ലെബനൻ സീസ്മോളജിക്കൽ സെന്ററും സ്ഥിരീകരിച്ചു.
സുരക്ഷാ മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ സൈനിക നീക്കത്തിൽ 1,100 ടണ്ണിലധികം സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ഫോടനത്തെത്തുടർന്ന് രാത്രിയിലുണ്ടായ കൂറ്റൻ അഗ്നിഗോളം കിലോമീറ്ററുകൾ അകലെ നിന്ന് ദൃശ്യമായിരുന്നു. സ്ഫോടന സ്ഥലം സ്ഥിതി ചെയ്യുന്ന നബാത്തിയ മേഖലയിലും 40 കിലോമീറ്റർ അകലെയുള്ള സിഡോൺ നഗരത്തിലും ശക്തമായ കുലുക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിർമ്മിച്ച സുപ്രധാന താവളമാണ് തകർത്തതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും പ്രസ്താവനയിലൂടെ അറിയിച്ചു. ആയുധ ശേഖരങ്ങളും ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങളും കമാൻഡ് ഓഫീസുകളും അടങ്ങിയ വിശാലമായ ഈ ഭൂഗർഭ താവളം നശിപ്പിച്ചതോടെ ഹിസ്ബുള്ളയുടെ ഭീഷണി വലിയ അളവിൽ ചെറുക്കാനായെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. എന്നാൽ ജനവാസ മേഖലകൾക്ക് സമീപം നടന്ന ഇത്രയും വലിയ സ്ഫോടനം പ്രാദേശിക നിവാസികൾക്കിടയിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്.








