ഇന്ത്യയുടെ ദാരിദ്ര്യം കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 10% കുറഞ്ഞതായും ഗ്രാമീണ മേഖലകളിൽ ദാരിദ്ര്യത്തിന്റെ തോതിൽ ഗണ്യമായ കുറവുണ്ടായതായും ഐക്യരാഷ്ട്രസഭയുടെ ബഹുമുഖ ദാരിദ്ര്യ സൂചിക (എംപിഐ) റിപ്പോർട്ട്. 2021 മാർച്ച് വരെയുള്ള അഞ്ച് വർഷ കാലയളവിൽ രാജ്യത്തെ ജനസംഖ്യയുടെ ഏതാണ്ട് 10 ശതമാനം ദാരിദ്ര്യത്തിൽ നിന്നും കരകയറിയെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ദാരിദ്ര്യത്തിൽ നിന്നും മോചനം നേടിയത് ഉത്തർപ്രദേശിൽ ആണ്. ബീഹാർ, മധ്യപ്രദേശ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉള്ള സംസ്ഥാനങ്ങൾ.
പോഷകാഹാരക്കുറവ്, വിദ്യാഭ്യാസം, ശുചിത്വം എന്നിവയുൾപ്പെടെ 12 പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് എംപിഐ ദാരിദ്ര്യനിരക്ക് കണക്കാക്കുന്നത്. ദേശീയ കുടുംബാരോഗ്യ സർവേയുടെ അടിസ്ഥാനത്തിൽ 2015-2016 വർഷത്തിൽ 25 ശതമാനമായിരുന്നു ഇന്ത്യയിലെ ദാരിദ്ര്യനിരക്ക്. 2019-2021 വർഷത്തിൽ ഇത് 15 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഈയടുത്ത് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎൻഡിപി) പുറത്തിറക്കിയ ദാരിദ്ര്യനിരക്ക് റിപ്പോർട്ടിലെ കണ്ടെത്തലുകളുമായി യോജിക്കുന്നതാണ് ഈ പുതിയ റിപ്പോർട്ട്. യുഎൻഡിപി റിപ്പോർട്ട് അനുസരിച്ച് 2021 ൽ ഇന്ത്യയിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം ജനസംഖ്യയുടെ 16.4 ശതമാനമായി കുറഞ്ഞു. 2005 ൽ ഉണ്ടായിരുന്ന 55 ശതമാനത്തിൽ നിന്നുമാണ് ഈ വലിയ വ്യത്യാസം ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഭക്ഷ്യധാന്യ വിതരണ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആയതും വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി എന്നിവയിലെല്ലാം മിക്ക സംസ്ഥാനങ്ങളിലും മികച്ച രീതിയിൽ ഉള്ള സബ്സിഡികൾ ലഭിക്കുന്നതും ആണ് ഇത്തരത്തിൽ പെട്ടെന്ന് തന്നെ ദാരിദ്ര്യ നിരക്ക് കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.








