ന്യൂഡൽഹി : മണിപ്പൂരിലെ സ്ഥിതിഗതികൾ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.
പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പതിവ് സർവകക്ഷി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആണ് പ്രഹ്ലാദ് ജോഷി ഇക്കാര്യം വ്യക്തമാക്കിയത്. വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നോഡൽ മന്ത്രാലയമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
മണിപ്പൂരിലെ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് മണിപ്പൂരിനെക്കുറിച്ച് ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയത്.
മണിപ്പൂർ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം പാർലമെന്റിന്റെ വർഷകാല സമ്മേളനം തടസ്സപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഡൽഹി സർവീസസ് ഓർഡിനൻസ് പിൻവലിക്കുക, തമിഴ്‌നാട് മന്ത്രിമാർക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി, വിലക്കയറ്റം, ബാലസോറിലെ ട്രെയിൻ അപകടം, കർണാടകയിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിങ്ങനെ പല വിഷയങ്ങളും വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ സ്ഥിതി വഷളായതിനാൽ വ്യാഴാഴ്ച അടിയന്തര പ്രമേയം ചർച്ചയ്ക്കായി കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നത്. ഇത് സഭ തടസ്സപ്പെടുത്തും എന്നുള്ള പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് ആണെന്നാണ് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്.








