ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. സമ്മേളനം ഓഗസ്റ്റ് 11 വരെ തുടരും. ഇക്കുറി സുപ്രധാന ബില്ലുകളാണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. 31 ബില്ലുകളാണ് വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. സിനിമാറ്റോഗ്രാഫ് ഭേദഗതി ബിൽ ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവിധ വിഷയങ്ങളിൽ രൂക്ഷമായ വാക്‌പോരാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 26 പ്രതിപക്ഷ പാർട്ടികളുടെ ഐഎൻഡിഐഎ എന്ന പുതിയ സഖ്യം കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വർഷകാല സമ്മേളനം നടക്കുന്നത്.
കഴിഞ്ഞ ദിവസം സമ്മേളനം സംബന്ധിച്ച് എല്ലാ പാർട്ടികളും യോഗം ചേർന്നതായി കേന്ദ്ര പാർലിമെന്ററി മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചു. മണിപ്പൂരിലെ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മറ്റ് പാർട്ടികൾ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.








