ചെന്നൈ : തമിഴ്നാട്ടിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുവായ സിലബസ് നടപ്പിലാക്കാനുള്ള ഡിഎംകെ സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധത്തിലാണ് സംസ്ഥാനത്തെ കോളേജ് അധ്യാപകരും സർവകലാശാലകളും. തമിഴ്നാട്ടിലെ എല്ലാ കോളേജുകളും സർവ്വകലാശാലകളും പൊതുവായ ഒരു സിലബസ് പിന്തുടരണമെന്ന് തമിഴ്‌നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ ഹയർ എഡ്യൂക്കേഷൻ (TANSCHE) മാർച്ചിൽ ആണ് പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്ന ഡിഎംകെയുടെ നിലപാടിന് വിരുദ്ധമായ നടപടിയാണ് ഇതെന്നാണ് തമിഴ്നാട്ടിലെ കോളേജ് അധ്യാപകർ പറയുന്നത്. പൊതു സിലബസ് പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള അധ്യാപക സംഘടനകൾ നിരാഹാര സമരമടക്കമുള്ള പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ട്.
തമിഴ്നാട്ടിലെ എല്ലാ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളും അനുബന്ധ സർവ്വകലാശാല ഏതാണെന്ന് പരിഗണിക്കാതെ ഒരേ സിലബസ് പിന്തുടരണം എന്നാണ് തമിഴ്‌നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ ഹയർ എഡ്യൂക്കേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴ്‌സിന്റെ 25% പരിഷ്‌ക്കരിക്കാനുള്ള സ്വയംഭരണാവകാശം കോളേജുകൾക്ക് ഉണ്ടായിരിക്കുമെന്നും അതേസമയം 75% പാഠ്യപദ്ധതി സംസ്ഥാനത്തുടനീളം ഒരുപോലെ ആയിരിക്കണം എന്നും ഈ പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ ഒരു കോളേജിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി വ്യക്തമാക്കിയത്.
തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ ഹയർ എഡ്യൂക്കേഷൻ നിർദ്ദേശിച്ചിരിക്കുന്ന പൊതു സിലബസ് വളരെ കാലഹരണപ്പെട്ടതാണെന്നാണ് തമിഴ്‌നാട് ഗവൺമെന്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ പറയുന്നത്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരേ സിലബസ് ഏർപ്പെടുത്താനുള്ള നീക്കം സംസ്ഥാന സർവകലാശാലകളുടെയും യുജിസിയുടെയും സ്വയംഭരണാവകാശം എടുത്തുകളയുമെന്നും ഇത് തമിഴ്‌നാട് സർവകലാശാല നിയമത്തിന്റെ ലംഘനമാണെന്നും സംസ്ഥാന ജോയിന്റ് ആക്ഷൻ കൗൺസിൽ ഓഫ് കോളേജ് ടീച്ചേഴ്‌സും പറഞ്ഞു. സിലബസ് രൂപീകരിക്കാൻ സർവകലാശാലകൾക്ക് സ്വയംഭരണാവകാശം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. നിലവിലെ സർവ്വകലാശാലകളിലെ സിലബസുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ നിലവാരം കുറഞ്ഞതാണ് ഇപ്പോൾ തമിഴ്നാട് സർക്കാർ നൽകിയിരിക്കുന്ന പൊതു സിലബസ് എന്നാണ് ഇവർ പറയുന്നത്. നേരത്തെ കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർത്ത ഡിഎംകെ സർക്കാർ സ്വന്തമായി വിദ്യാഭ്യാസ നയം രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.








