ഹൈദരാബാദ് : കോടീശ്വരനാകാൻ ഒന്നല്ല പല വഴികളുണ്ട്. വിവിധ മേഖലകളിൽ തിളങ്ങി കോടികൾ സമ്പാദിക്കുന്നവരുടെ കഥകളാണ് ഓരോ ദിവസവും നമ്മൾ കേൾക്കുന്നത്. പത്താം ക്ലാസ് പാസായില്ലെങ്കിലും ഇന്ന് ബിസിനസ് നടത്തി പണക്കാരനാകാൻ സാധിക്കും. അത്തരത്തിൽ തക്കാളി വിറ്റ് കോടീശ്വരനായ യുവാവിന്റെ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തെലങ്കാനയിലെ മേഡകിലുള്ള കൗഡിപ്പള്ളി ഗ്രാമവാസിയായ ബി മഹിപാൽ റെഡ്ഡി എന്ന 40 കാരനാണ് ഒരു മാസം കൊണ്ട് കോടീശ്വരനായത്.പത്താം ക്ലാസിൽ പരാജയപ്പെട്ട മഹിപാൽ റെഡ്ഡി പിന്നീട് കൃഷിയിലേക്ക് കടക്കുകയായിരുന്നു. നാല് വർഷം മുൻപ് ഇയാൾ 40 ഏക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചു. ആദ്യം നെൽകൃഷിയാണ് നടത്തിയത്. അതിൽ ലാഭം കണ്ടില്ല. തുടർന്ന് പച്ചക്കറി കൃഷിയിലേക്കും കടന്നു.
കഴിഞ്ഞ ഏപ്രിൽ 15 നാണ് എട്ട് ഏക്കർ നിലത്തിൽ തക്കാളി കൃഷി ആരംഭിച്ചത്. ജൂൺ 15 ന് വിളവെടുത്തു. അതിനിടെ തക്കാളിയുടെ ഡിമാന്റും വർദ്ധിച്ചു. 25 കിലോയുടെ 7000 ത്തോളം ബോക്‌സ് തക്കാളിയാണ് ഈ വിളവെടുപ്പിന് ശേഷം വിറ്റത്. ഇതിൽ നിന്ന് ഒരു മാസത്തിനിടെ 1.8 കോടിയോളം രൂപ ലാഭം കിട്ടിയതായും മഹിപാൽ വെളിപ്പെടുത്തി.
ഒരു ഏക്കറിന് രണ്ട് ലക്ഷം രൂപയാണ് ചെലവ് വരുന്നത്. വിളകളെ സംരക്ഷിക്കാൻ വല ഉപയോഗിച്ചു. മഴക്കെടുതിയിൽ കൃഷി നാശം ഉണ്ടായെങ്കിലും സീസണിൽ വരുമനം രണ്ട് കോടി കടക്കും. കൃഷിരീതികൾ നല്ലതാണെങ്കിൽ കർഷകർക്ക് സാധാരണ സീസണിൽ വളരെ നല്ല വിളവ് ലഭിക്കും. ഇത്തവണ തനിക്ക് വളരെ നല്ല വിളവുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








