ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിൽ കടുവയുടെ തോലും അസ്ഥികളും കടത്താൻ ശ്രമിക്കുന്നതിനിടയിൽ നാലുപേർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ഖാത്തിമ മേഖലയിൽ നിന്നാണ് നാല് വന്യജീവി കടത്തുകാരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 11 അടി നീളമുള്ള കടുവയുടെ തോലും 15 കിലോ അസ്ഥികളും കണ്ടെടുത്തിട്ടുണ്ട്. പിത്തോരഗഡ് ജില്ലയിലെ ധാർചുല സ്വദേശികളായ കൃഷൻ കുമാർ, ഗജേന്ദ്ര സിംഗ്, സഞ്ജയ് കുമാർ, ഹരീഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും തരായി ഈസ്റ്റ് ഫോറസ്റ്റ് ഡിവിഷൻ സംഘവും ചേർന്നാണ് ഈ വലിയ വന്യജീവി കടത്ത് പിടികൂടിയത്. കടുവയുടെ തോലിന്റെ നീളം അനുസരിച്ച് ഉത്തരാഖണ്ഡിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കടുവയാണ് ഇത് എന്നാണ് വനം വകുപ്പ് പറയുന്നത്. സർക്കിൾ ഓഫീസർ സുമിത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടുന്നതിൽ നിർണായക പങ്കു വഹിച്ചത്.
കള്ളക്കടത്തുകാരിൽ നിന്ന് കണ്ടെത്തിയ തോലിനും എല്ലുകൾക്കും വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാൽ എങ്ങനെയാണ് ഇവർ കടുവയെ വേട്ടയാടിയത് എന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ പറയാൻ കഴിയൂ എന്നും പോലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്നുള്ള വനമേഖലകളിൽ പ്രത്യേക നിരീക്ഷണവും ജാഗ്രതയും ഏർപ്പെടുത്തിയിട്ടുണ്ട്. 2020-ൽ പുറത്തിറക്കിയ ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ റിപ്പോർട്ട് പ്രകാരം ഉത്തരാഖണ്ഡിൽ 442 കടുവകൾ മാത്രമാണുള്ളത്.








