ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസിയും കവി കുമാർ വിശ്വാസും തമ്മിൽ ട്വിറ്ററിലൂടെയുള്ള വാക്പോര് മുറുകുകയാണ്. ജൂലൈ 23നാണ് അസദുദ്ദീൻ ഒവൈസി
ഇന്റലിജൻസ് ബ്യൂറോയിലും റോയിലും സീനിയർ ലെവലിൽ ഒരു മുസ്ലീം ഓഫീസർ ഇല്ലെന്നും ഐബിയും റോയും ഇപ്പോൾ പൂർണ്ണമായും ഭൂരിപക്ഷത്തിന്റെ സ്ഥാപനങ്ങളായി മാറിയിരിക്കുന്നു എന്നും പറഞ്ഞുള്ള ഒരു വിവാദ ട്വീറ്റ് രേഖപ്പെടുത്തുന്നത്. ഈ ട്വീറ്റിന് മറുപടിയുമായാണ് കവി കുമാർ വിശ്വാസ് രംഗത്തെത്തിയത്. ഇസ്ലാമും ഇന്ത്യയും ഒന്നിച്ച് വന്നാൽ നിങ്ങൾ ഏത് തിരഞ്ഞെടുക്കും എന്നാണ് കുമാർ വിശ്വാസ് ഒവൈസിയോട് ചോദിച്ചത്.
ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് എന്നിവയിലെ നിയമനങ്ങളിൽ നരേന്ദ്ര മോദി സർക്കാർ മുസ്ലീങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നുവെന്ന ഒവൈസിയുടെ ആരോപണം ഒരു ട്വിറ്റർ യുദ്ധത്തിന് തന്നെയാണ് വഴിവെച്ചത്. ഒവൈസിയുടെ ട്വീറ്റിന് കവി കുമാർ വിശ്വാസ് നൽകിയ മറുപടിയും ഏറെ ചർച്ചാവിഷയം ആയി.
“ഒന്നാമതായി, ഇസ്‌ലാമും ഇന്ത്യയും തിരഞ്ഞെടുക്കണമെങ്കിൽ, ഞങ്ങൾ ഇന്ത്യയെ തിരഞ്ഞെടുക്കും, രണ്ടാമതായി, ഖുറാനും ഭരണഘടനയും തിരഞ്ഞെടുക്കണമെങ്കിൽ, ഞങ്ങൾ ഭരണഘടന തിരഞ്ഞെടുക്കും. എന്നാൽ താങ്കൾ ഇതിൽ ഏതായിരിക്കും തെരഞ്ഞെടുക്കുക? ഇന്ത്യൻ സനാതന വിശ്വാസി കാലങ്ങളായി താങ്കളുടെ ഈ പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ്.” എന്നാണ് ഒവൈസിക്ക് മറുപടിയായി കുമാർ വിശ്വാസ് ട്വിറ്ററിൽ കുറിച്ചത്.
ഇന്റലിജൻസ് ബ്യൂറോ സ്‌പെഷ്യൽ ഡയറക്‌ടർ പദവി വഹിച്ചിരുന്ന മുതിർന്ന മുസ്‌ലിം ഐപിഎസ് ഓഫീസർ എസ്‌എ റിസ്‌വിയെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപദേശകനായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് അസദുദ്ദീൻ ഒവൈസി കേന്ദ്രസർക്കാരിനെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. ഈ വർഷം ജൂണിലാണ് അഡീഷണൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് റിസ്‌വി സ്‌പെഷ്യൽ ഡയറക്ടറായി നിയമിതനായത്. റിസ്‌വിയുടെ വകുപ്പ് മാറ്റമാണ് ഒവൈസിയെ ചൊടിപ്പിച്ചത്. മോദി സർക്കാരും ബിജെപിയും മുസ്ലീങ്ങളോട് വിവേചനം കാണിക്കുകയാണെന്നും രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുകയാണെന്നും നിരന്തരം കുറ്റപ്പെടുത്തുന്ന വ്യക്തിയാണ് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി.








