ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ, ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനോട് ലൈംഗികാതിക്രമം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് മുഹമ്മദ് വെകീൽ, മുഹമ്മദ് സാഹിബ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ സാബിർ ഒളിവിലാണ്.
ലൈംഗികാതിക്രമ കോളുകളും ബ്ലാക്ക്മെയിൽ പ്രവർത്തനങ്ങളും നടത്തുന്ന സംഘടിത സംഘവുമായി പിടിയിലായവർക്ക് ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. പട്ടേലിന്റെ പേഴ്സണൽ സെക്രട്ടറി അലോക് മോഹനന്റെ പരാതിയിലാണ് നടപടി. മന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മൊബൈൽ നമ്പരിലേക്ക് വാട്സ്ആപ്പ് വഴി വീഡിയോ കോൾ ചെയ്താണ് ലൈംഗികാതിക്രമം നടത്തിയത്. മറ്റൊരു ബിജെപി എംപി ജി.എം സിദ്ദേശ്വരയ്ക്കും സമാനമായ വീഡിയോ കോൾ കിട്ടി എന്ന് പരാതി നൽകിയിട്ടുണ്ട്.
ഈ കഴിഞ്ഞ ജൂൺ അവസാനം കേന്ദ്രമന്ത്രിയുടെ ഫോണിലേക്ക് വീഡിയോ കോൾ ചെയ്യുകയും കോളിനിടയിൽ ബ്ലാക്ക്മെയിൽ ചെയ്യുക എന്ന ഉദ്ദേശത്തോടെ അശ്ലീല വീഡിയോ പ്ലേ ചെയ്യുകയും ചെയ്തു. എന്നാൽ ഉടൻ തന്നെ മന്ത്രി ഫോൺ കട്ട് ചെയ്യുകയുമായിരുന്നു. ഉടനെ തന്നെ പ്രതികൾ ഫോൺ വിളിച്ച് വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. മന്ത്രി ഉടൻ തന്നെ ഡൽഹി പോലീസ് കമ്മീഷണറെ വിവരം അറിയിക്കുകയായിരുന്നു. തുടർ അന്വേഷണത്തിലാണ് രാജസ്ഥാനിൽ നിന്ന് പ്രതികൾ അറസ്റ്റിലായത്.
നഗ്‌ന വീഡിയോ കോൾ വിളിച്ച് പണം തട്ടുന്ന റാക്കറ്റിൻറെ ഭാഗമാണ് പിടിയിലായവരെന്നാണ് പോലീസ് പറയുന്നത്. വീഡിയോ കോൾ വിളിച്ച് മറുവശത്ത് നഗ്‌നരായ സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക സ്വഭാവമുള്ള വീഡിയോ റെക്കോർഡ് ചെയ്യുകയാണ് ഇവരുടെ രീതി. പിന്നീട് നഗ്‌നവീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറയുന്നു.








