പാട്ന : ബീഹാറിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീഹാറിലെ കാത്തിഹാറിൽ ആണ് സംഭവം. വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെയാണ് പോലീസ് വെടിവെപ്പ് ഉണ്ടായത്. ബീഹാറിലെ ബർസോയ് പോലീസ് നടത്തിയ വെടിവെപ്പിൽ 34 കാരനായ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനും സ്ഥിരമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനും എതിരായാണ് കാത്തിഹാറിലെ ഗ്രാമവാസികൾ ഒത്തുകൂടി പ്രതിഷേധിച്ചത്. പ്രതിഷേധത്തിൽ വൈദ്യുതി വകുപ്പിന്റെ ഓഫീസിന് നേരെ കല്ലേറുണ്ടായപ്പോൾ പോലീസ് ലാത്തിചാർജ് നടത്തുകയും തുടർന്ന് വെടിവെപ്പ് ഉണ്ടാവുകയും ആയിരുന്നു. ബാസൽ ഗ്രാമത്തിൽ താമസിക്കുന്ന ഖുർഷിദ് ആലം എന്നയാളാണ് വെടിവെപ്പിൽ മരണപ്പെട്ടത്.
ജനക്കൂട്ടം അക്രമാസക്തമായപ്പോൾ ആണ് വെടി വെക്കേണ്ടി വന്നതെന്ന് ബർസോയ് സബ് ഡിവിഷൻ ഡെപ്യൂട്ടി എസ്പി പ്രേംനാഥ് റാം പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും വെടിയേട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് കനത്ത സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കാത്തിഹാർ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ അറിയിച്ചു.








