ന്യൂഡൽഹി : ജനന സർട്ടിഫിക്കറ്റ് ഒരൊറ്റ രേഖയായി ഉപയോഗിക്കാൻ അനുവദിക്കുന്ന ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. സ്കൂൾ കോളേജ് പ്രവേശനം, ഡ്രൈവിംഗ് ലൈസൻസ്, സർക്കാർ ജോലികളിലെ നിയമനം എന്നിവക്കെല്ലാം ഒറ്റ രേഖയായി ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ പുതിയ ബിൽ. ബിൽ നടപ്പിൽ വരുകയാണെങ്കിൽ 54 വർഷത്തിനുശേഷം 1969 ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യപ്പെടുന്നതാണ്.
ഉദ്ദേശിക്കുന്ന ഭേദഗതികൾ പ്രകാരം വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും ആധാർ നമ്പർ നൽകുന്നതിനും വിവാഹ രജിസ്ട്രേഷനും ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ കഴിയുന്നതാണ്. സാമൂഹിക മാറ്റത്തിനും സാങ്കേതിക പുരോഗതിക്കും ജനങ്ങളുടെ എളുപ്പത്തിനും ഈ ഭേദഗതികൾ ആവശ്യമാണെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു . സംസ്ഥാന സർക്കാരുകളുമായും പൊതുജനങ്ങളുമായും വിദഗ്ധരുമായും വേണ്ട കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ബില്ലിലെ ഭേദഗതികൾ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി ബില്ലിനെ സഭയിൽ ബില്ലിനെ എതിർത്തു. ജനന സർട്ടിഫിക്കറ്റ് ഒറ്റ രേഖയാക്കുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളെ കുറിച്ചുള്ള അനിയന്ത്രിതമായ ഡാറ്റ സർക്കാരിന് നൽകുന്നതായിരിക്കും ഈ ബിൽ എന്നാണ് മനീഷ് തിവാരി വ്യക്തമാക്കിയത്.
അനാഥരായവരോ ഉപേക്ഷിക്കപ്പെട്ടവരോ ദത്തെടുക്കപ്പെട്ടവരോ ആയ കുട്ടികളുടെ രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ ആക്കാനും ഈ ബിൽ ശുപാർശ ചെയ്യുന്നുണ്ട്. മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നടപടികളും എളുപ്പത്തിലാക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ദുരന്തങ്ങളോ പകർച്ചവ്യാധികളോ ഉണ്ടാകുമ്പോൾ മരണസർട്ടിഫിക്കറ്റുകൾ വേഗത്തിൽ തയ്യാറാക്കി നൽകാൻ പ്രത്യേക സബ് രജിസ്ട്രാർമാരെ നിയമിക്കാനും ബില്ലിൽ പറയുന്നുണ്ട്. ജനന സർട്ടിഫിക്കറ്റ് നൽകുമ്പോൾ മാതാപിതാക്കളുടെയും വിവരം നൽകുന്നവരുടെയും ആധാർ നമ്പറുകൾ കൂടി ശേഖരിക്കണമെന്നും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.








