ജയ്പൂർ : പാസ്‌പോർട്ടും വിസയുമില്ലാതെ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച പാകിസ്താനി പെൺകുട്ടി പിടിയിൽ. ഗസൽ പർവീൺ എന്ന 16 കാരിയെയാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് പിടികൂടിയത്. പാകിസ്താനിലെ ലഹോർ സ്വദേശിയാണ് ഈ പെൺകുട്ടി.
മൂന്ന് വർഷം മുൻപാണ് പെൺകുട്ടി ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയത്. ശ്രീമോധാപൂരിലെ സിക്കാറിലാണ് ഇരുവരും താമസിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് രണ്ട് പുരുഷന്മാരോടൊപ്പം പെൺകുട്ടി ജയ്പൂർ വിമാനത്താവളത്തിൽ എത്തി. പാകിസ്താനിലേക്ക് തിരിച്ച് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന ആവശ്യവുമായാണ് പെൺകുട്ടിയെത്തിയത്. എന്നാൽ കൈയ്യിൽ പാസ്പോർട്ടും വിസയും ഇല്ലായിരുന്നു. ഇതോടെയാണ് പെൺകുട്ടിക്ക് പിടിവീണത്.
16 കാരിയുടെ കൂടെ വന്ന പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് പാസ്‌പോർട്ട് ഇല്ലെന്നാണ് പെൺകുട്ടി പറയുന്നത്. എന്നാൽ പാസ്‌പോർട്ടില്ലാതെ എങ്ങനെയാണ് ബന്ധു തന്നെ ഇവിടെ എത്തിച്ചത് എന്ന് അറിയില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തി.
സംഭവത്തിൽ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ ബന്ധുവിനെയും ഉടൻ ചോദ്യം ചെയ്യുമെന്ന് ജയ്പൂർ പോലീസ് അറിയിച്ചു.
Discussion about this post