കൊച്ചി: ശനിയാഴ്ച കൊച്ചി പാലാരിവട്ടത്ത് നടന്ന വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിനും ആണ് സുരാജിനെതിരെ കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസ് ആണ് സുരാജിനെതിരെ കേസെടുത്തിട്ടുള്ളത്. തിങ്കളാഴ്ച കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് സുരാജിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി പാലാരിവട്ടത്ത് നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആളെ സുരാജ് ഓടിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. മലപ്പുറം സ്വദേശി ശരത്തിന്റെ വാഹനത്തിലാണ് സുരാജിന്റെ കാർ ഇടിച്ചത്. പരിക്കേറ്റ ശരത് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിലാണ് ഇപ്പോൾ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്.








