തെന്നിന്ത്യൻ താരം തമന്ന തന്റെ മോശം സിനിമകളെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ പ്രൊമഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് തമന്ന തന്റെ മോശം സിനിമകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. ഇനി ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത സിനിമ ഉണ്ടെങ്കിൽ ഏതാണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് നടി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
വിജയ് നായകനായ സുറ എന്ന ചിത്രമാണ് ജീവിതത്തിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത സിനിമ എന്നാണ് താരം പറഞ്ഞത്. 2010 ൽ റിലീസ് ആയ ചിത്രമാണ് സുറ. അത് തനിക്ക് ഇഷ്ടമാണ്, പാട്ടുകളും പ്രശസ്തമാണ്. എന്നാൽ സിനിമയിലെ ചില രംഗങ്ങളിൽ താൻ വളരെ മോശമാണെന്ന് തമന്ന പറഞ്ഞു.
ചിത്രത്തിലെ പല സീനുകളിലും തന്റെ അഭിനയം മോശമായിരുന്നു. നന്നായി ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ചിത്രീകരണത്തിനിടെ തന്നെ ഇത് വർക്ക് ആവില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അത് പൂർത്തിയാക്കേണ്ടത് നമ്മുടെ കടമയാണെന്നും തമന്ന പറഞ്ഞു.
സിനിമ എന്നത് വലിയ മുതൽമുടക്കുള്ള കലയാണ്. ഒരുപാട് പണം ഇൻവെസ്റ്റ് ചെയ്യുന്നതാണ്. നമുക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കരാർ ഒപ്പിട്ടാൽ എന്ത് സംഭവിച്ചാലും അത് പൂർത്തിയാക്കണം. അതാണ് അഭിനേതാവിന്റെ കടമ എന്നും തമന്ന പറഞ്ഞു.
Discussion about this post