ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതയെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയും ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നീക്കങ്ങൾക്കെതിരെ 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെയും വികസന പരിഷ്കാരങ്ങളെയും പിന്തുണച്ചുകൊണ്ട് ഇവർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. തോൽവി നേരിടുമ്പോൾ മാത്രം തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ സംശയിക്കുന്ന നിലപാടാണ് ചില രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നതെന്ന് മുൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ‘നിങ്ങൾ സംശയിക്കുന്നത് തിരഞ്ഞെടുപ്പ് സംവിധാനത്തെയാണോ അതോ തിരഞ്ഞെടുപ്പ് ഫലത്തെയാണോ’ എന്ന് അവർ ചോദ്യമുന്നയിച്ചു.
രാജ്യത്തെ ഇലക്ഷൻ കമ്മീഷൻ തികച്ചും നിഷ്പക്ഷവും ഭരണഘടനാപരവുമായാണ് പ്രവർത്തിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. വോട്ട് മോഷണ ആരോപണങ്ങളും ഇവിഎം ക്രമക്കേടുകളും ഉന്നയിച്ച് ജനാധിപത്യ സ്ഥാപനങ്ങളുടെ കാര്യക്ഷമതയെ തകർക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. വിജയങ്ങൾ ഉണ്ടാകുമ്പോൾ ഇതേ സംവിധാനത്തെ പുകഴ്ത്തുകയും തോൽക്കുമ്പോൾ പഴിചാരുകയും ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് പ്രമുഖ വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ സുതാര്യത ഉറപ്പാക്കാൻ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ജനാധിപത്യ പ്രക്രിയയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ പിന്തിരിയണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.








