ന്യൂഡൽഹി: വീണ്ടും എൻഡിഎ അധികാരത്തിൽവരുന്നതിന്റെ ഭയമാണ് പ്രതിപക്ഷത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം ഈ ഭയത്തിന്റെ ഭാഗമാണ്. ജനങ്ങൾക്ക് സർക്കാരിൽ പൂർണ വിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ സർക്കാരിൽ വിശ്വാസമുണ്ട്. ഇവർ അത് വീണ്ടും വീണ്ടും പ്രകടിപ്പിക്കുന്നു. ജനങ്ങളോട് ഈ നിമിഷത്തിൽ നന്ദി പ്രകടിപ്പിക്കുന്നു. ജനങ്ങളുടെ അനുഗ്രഹത്താൽ അടുത്ത തിരഞ്ഞെടുപ്പിലും ചരിത്രം തിരുത്തിക്കൊണ്ട് എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന കാര്യം പ്രതിപക്ഷത്തിന് അറിയാം. ദൈവം വളരെ വിനീതനാണ്. ചില മാദ്ധ്യമങ്ങളിലൂടെയാണ് ദൈവം നാമുമായി സംവദിക്കുക. പ്രതിപക്ഷം സഭയിൽ അവിശ്വാസ പ്രമേയവുമായി എത്തിയത് ദൈവാനുഗ്രഹം എന്നേ പറയാനുള്ളൂ. 2018ലും സമാന രീതിയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി രംഗത്ത് എത്തിയിരുന്നു. അന്ന് താൻ ഇത്രയേ പറഞ്ഞുള്ളൂ. ഇത് തങ്ങളുടെയല്ല, നിങ്ങളുടെ വിധിയെഴുത്ത് ആണ് എന്ന്. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
രാജ്യത്തിന്റെ വികസനത്തിൽ മാത്രമാണ് ഇപ്പോൾ തങ്ങളുടെ ശ്രദ്ധ. അതാണ് ഈ മണിക്കൂറുകളിൽ വേണ്ടതും. നമ്മുടെ യുവത്വത്തിന് സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. ഇതിനായി നല്ലൊരു ഭാരത്തെ നിർമ്മിക്കണം. എന്ത് തരത്തിലുള്ള ചർച്ചയാണ് അവിശ്വാസ പ്രമേയത്തിൽ നടത്തേണ്ടത്. നിങ്ങളുടെ അവിശ്വാസം തങ്ങളുടെ ഭാഗ്യമാണ്. വീണ്ടും തങ്ങൾ തന്നെ അധികാരത്തിൽവരുമെന്ന് പ്രതിപക്ഷം ഭയക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തങ്ങൾ രാജ്യത്തിന്റെ യശസ്സ് ഉയർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ ചിലർ അതിന് തുരങ്കം വയ്ക്കുന്നു. അതേസമയം ലോകം ഇന്ത്യയെ കൂടുതൽ കൂടുതൽ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റും. പ്രതിപക്ഷം രാജ്യത്തെ സംവിധാനങ്ങളെയെല്ലാം കൊന്നുകളഞ്ഞിരിക്കുന്നു. എന്നാൽ ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്. രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുകയാണ്. അത് കൂടുതൽ ശക്തിപ്പെടുന്നുവെന്നും തങ്ങളും കൂടുതൽ ശക്തിപ്പെടുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.








