ന്യൂഡൽഹി: ഗാർഹിക പാചക വാതക വില കുറച്ചതിൽ കേന്ദ്രത്തെ അഭിനന്ദിച്ച് ബിജെപി. മോദി സർക്കാരിന്റെ രക്ഷാബന്ധൻ സമ്മാനമാണ് ഇതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ വ്യക്തമാക്കി. ജനപ്രിയ തീരുമാനത്തിന് കേന്ദ്രസർക്കാരിനോട് നന്ദി പറയുന്നതായും നദ്ദ കൂട്ടിച്ചേർത്തു.
എൽപിജി സിലിണ്ടറുകളുടെ വിലയിൽ വലിയ കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. മോദി സർക്കാരിന്റെ ഈ തീരുമാനം 33 കോടി ജനങ്ങൾക്ക് ഉപകാരപ്രദമാണ്. നിർണായക തീരുമാനത്തിന് നന്ദി പറയുന്നു. ഇത് രക്ഷാ ബന്ധൻ ദിനത്തിൽ രാജ്യത്തെ സഹോദരിമാർക്കുള്ള പ്രധാനമന്ത്രിയുടെ ഓണ സമ്മാനം ആണെന്നും നദ്ദ വ്യക്തമാക്കി.
നിർണായക തീരുമാനത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും രംഗത്ത് എത്തി. എൽപിജി സിലിണ്ടർ വില കുറച്ച തീരുമാനം രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കുമുള്ള സ്‌നേഹ സമ്മാനമാണെന്നായിരുന്നു നിർമ്മലാ സീതാരാമന്റെ പ്രതികരണം.
ഇന്നലെയായിരുന്നു എൽപിജി സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ അറിയിപ്പ് പുറപ്പെടുവിച്ചത്. 200 രൂപയാണ് കുറച്ചത്. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിലായിരുന്നു തീരുമാനം.









