മുംബൈ : ബീജാപൂർ ജനറൽ അഫ്സൽഖാന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഛത്രപതി ശിവാജിയുടെ പുലിനഖം യുകെ മ്യൂസിയത്തിൽ നിന്ന് ഭാരതത്തിലേക്ക്. അമൂല്യമായ ചരിത്ര വസ്തു ഭാരതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി സുധിർ മുംഗണ്ഡിവാർ ലണ്ടനിലേക്ക് പോകും. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയവുമായി ധാരണാപത്രം ഒപ്പുവെക്കാൻ ഈ മാസം അവസാനത്തോടെയാണ് മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യുകെയിലേക്ക് പോകുന്നത്. ശിവാജിയുടെ ഉടവാളായ ജഗദംബയും താമസിയാതെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് മന്ത്രി വ്യക്തമാക്കി.
മ്യൂസിയം അധികൃതരുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച കത്ത് ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. ശിവാജി അഫ്സൽ ഖാനെ വധിച്ചതിന്റെ വാർഷികത്തിന് പുലിനഖ കത്തി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കും ആഹ്ളാദമുണ്ടാക്കുന്ന കാര്യമാണിതെന്നും മുംഗണ്ഡിവാർ പറഞ്ഞു. അമൂല്യമായ നിധിയാണ് രാജ്യത്തേക്ക് എത്താൻ പോകുന്നത്. ഇത് മഹാരാഷ്ട്രയിലെ ജനങ്ങളുടെ വൈകാരിക സ്വത്താണ്. മന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വികാസ് ഖാർഗെയും പുരാവസ്തു വകുപ്പ് ഡയറക്ടർ ഡോ. തേജസ് ഖാർഗെയും മന്ത്രിയ്ക്കൊപ്പം ലണ്ടനിലേക്ക് പോകും.
പ്രതാപ് ഗഡ് കോട്ടയിലേക്കാണ് അഫ്സൽ ഖാൻ ശിവാജിയെ കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചത്. ശിവാജിയെ ചതിച്ച് കൊല്ലാനായിരുന്നു അഫ്സൽ ഖാൻ ലക്ഷ്യമിട്ടത്. എന്നാൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി എത്തിയ ശിവാജി അഫ്സൽ ഖാന്റെ ചതിക്ക് കൃത്യമായി മറുപടി നൽകുകയായിരുന്നു. ആലിംഗനം ചെയ്ത് കൊല്ലാൻ ശ്രമിച്ച അഫ്സൽ ഖാന്റെ മുതുകിൽ തന്റെ കയ്യിൽ ധരിച്ചിരുന്ന പുലിനഖക്കത്തി ആഴ്ത്തി ശിവാജി അഫ്സൽ ഖാനെ വധിക്കുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടങ്ങളിലൊന്നായാണ് പ്രതാപ് ഗഢ് യുദ്ധം വിലയിരുത്തപ്പെടുന്നത്.
Discussion about this post